സിറ്റി സെന്ററിൽ തീ പിടുത്തം: നിയന്ത്രണ വിധേയം, ആളപായമില്ല

മനാമ: ബഹറൈന്‍ സിറ്റി സെന്‍റില്‍ തീ പിടുത്തം. മുകള്‍ നിലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു റസ്റ്റോറന്‍റിന്‍റെ ചിമ്മിനിയില്‍ നിന്നാണ് തീ പടര്‍ന്നത്. ഇത് വരെ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മാളില്‍ നിന്ന് മുഴുവന്‍ ആളുകളേയും സുരക്ഷ മുന്‍നിര്‍ത്തി ഒഴിപ്പിച്ചു.

6 വണ്ടികളും 27 സേനാംഗങ്ങളും അടങ്ങുന്ന രക്ഷാപ്രവര്‍ത്തകരാണ് തീ അണച്ച് കൊണ്ടിരിക്കുന്നതെന്ന് അഭ്യന്തര മന്ത്രാലയം ട്വീറ്റ് ചെയ്തു. തീ പിടുത്തത്തിന്‍റെ കാരണം വ്യക്തമല്ല.

Update: 

തീപിടുത്തത്തിന് ശേഷം സിറ്റി സെന്‍റര്‍ സാധാരണ നിലയിലേക്ക്

കഴിഞ്ഞ ദിവസം മുകള്‍നിലയില്‍ തീപിടുത്തമുണ്ടായ സീഫ് ജില്ലയിലെ സിറ്റി സെന്‍റര്‍ മാള്‍ സാധാരണ നിലയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഇന്‍ഡസ്ട്രി, കൊമേഴ്സ്& ടൂറിസം മിനിസ്റ്റര്‍ സയിദ് ബിന്‍ റാഷിദ് അല്‍-സയനി മാള്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. ഒരു റസ്റ്റോറന്‍റിന്‍റെ ചിമ്മിണിയില്‍ നിന്നുണ്ടായ തീ അണച്ചതിന് ശേഷം മാളിന്‍റെ പ്രവര്‍ത്തനം പഴയപോലെ തുടരുന്നതായി അദ്ദേഹം ഉറപ്പ് വരുത്തുകയും ചെയ്തു.

55 മിനിറ്റിലധികം സമയം തീ തുടരാഞ്ഞത് സിവില്‍ ഡിഫന്‍സ് വിഭാഗത്തിന്‍റെ കാര്യക്ഷമമായ ഇടപെടല്‍ കൊണ്ടാണെന്ന് അദ്ദേഹം അഭിനന്ദിച്ചു. മാള്‍ മാനേജ്മെന്‍റിന്‍റെ സുരക്ഷാക്രമീകരണങ്ങളെ കുറിച്ചും വളരെ പെട്ടെന്ന് മാളിന്‍റെ പ്രവര്‍ത്തനം പുനരാരംഭിക്കാനുള്ള സാഹചര്യം ഒരുക്കിയതും മന്ത്രി എടുത്ത് പറഞ്ഞു.
സന്ദര്‍ശകര്‍ക്കും എല്ലാം പഴയനിലയിലായെന്ന ഉറപ്പും അല്‍-സയനി നല്‍കി.