മലയാളം മിഷന്റെ ‘നീലക്കുറിഞ്ഞിക്ക്’ സർക്കാർ അംഗീകാരം

മനാമ: മലയാളം മിഷൻ നടത്തുന്ന നീലക്കുറിഞ്ഞി കോഴ്സിന് (സീനിയർ ഹയർ ഡിപ്ലോമ) സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ പത്താംതരം മലയാള ഭാഷാ പ്രാവീണ്യം തുല്യത അംഗീകാരം നൽകി സർക്കാർ ഉത്തരവ്.

പത്താം ക്ലാസ്സ് വരെയോ പ്ലസ് ടൂ /ബിരുദതലത്തിലോ മലയാളം ഒരു വിഷയമായി പഠിച്ചിട്ടില്ലാത്ത ഉദ്യോഗസ്ഥർ എൻട്രി കേഡറിൽ പ്രൊബേഷൻ പൂർത്തീകരിക്കുന്നതിന് മലയാളം മിഷന്റെ കീഴിലുള്ള സീനിയർ ഹയർ ഡിപ്ലോമ പരീക്ഷയ്ക്ക്ക്ക്ക്ക് തുല്യമായ പരീക്ഷ വിജയിക്കേണ്ടതുണ്ട് എന്ന് ഉത്തരവ് പ്രകാരം വ്യവസ്ഥ ചെയ്തിട്ടുണ്ട്.

പ്രസ്തുത സാഹചര്യത്തിൽ മലയാളം മിഷന്റെ കീഴിലുള്ള നീലക്കുറിഞ്ഞി (സീനിയർ ഹയർ ഡിപ്ലോമ) വിജയിക്കുന്ന വിദ്യാർത്ഥികൾക്ക് പത്താംതരം മലയാള പ്രാവീണ്യം ഉണ്ടെന്ന് കാണിക്കുന്ന ഒരു തുല്യതാ സർട്ടിഫിക്കേറ്റ് നൽകണമെന്ന് മലയാളം മിഷൻ ഡയറക്ടർ സർക്കാരിനോട് അഭ്യർത്ഥിച്ചിരുന്നു.

ഈ അഭ്യർത്ഥനയെ തുടർന്ന് സർക്കാർ നിർദ്ദേശിച്ചതനുസരിച്ച് മലയാളം മിഷന്റെ പാഠ്യപദ്ധതി അനുസരിച്ചുള്ള നീലക്കുറിഞ്ഞി കോഴ്സ് സംസ്ഥാനത്തെ മലയാള പാഠാവലി (പത്താം ക്ലാസ്സ് ) യുടെെ നിലവാരത്തിലുള്ളതാണോ എന്ന് എസ്സ്.സി.ആർ.ടിയുടെ കരിക്കുലം സബ് കമ്മറ്റി പരിശോധിക്കുകയും സബ് കമ്മറ്റിയുടെ നിർദ്ദേശപ്രകാരം വിദഗ്ദ സമിതി നൽകിയ റിപ്പോർട്ട് നൽകുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ ഉത്തരവ്.

പ്രവാസഭൂമിയിൽ മാതൃഭാഷാ പഠനം നടത്തുന്ന കുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കും ഭാഷാ പ്രവർത്തകർക്കും ആഹ്ളാദം നൽകുന്നതാണ് സർക്കാർ തീരുമാനമെന്ന് മലയാളം മിഷൻ ബഹ്റൈൻ ചാപ്റ്റർ പ്രസിഡന്റ് പി.വി.രാധാകൃഷ്ണപിള്ളയും സെക്രട്ടറി ബിജു എം.സതീഷും വാർത്താക്കുറിപ്പിൽ അറിയിച്ചു.

നിലവിൽ മൂവായിരത്തോളം കുട്ടികളാണ് ബഹ്റൈനിലെ മലയാളം മിഷന്റെ വിവിധ പഠന കേന്ദ്രങ്ങളിൽ മാതൃഭാഷാ പഠനം നടത്തുന്നത്. കുട്ടികളുടെ ഭാഷ ശേഷിയുടെയും പ്രായത്തിന്റേയും അടിസ്ഥാനത്തിൽ ഉയർന്ന ക്ലാസുകളിലേക്ക് പ്രവേശനം നൽകുന്ന സമാന്തര പ്രവേശനത്തിനുള്ള നടപടികളും നടന്നു വരികയാണ്. ഇതിലുടെ ഭാഷാ ശേഷിയുടെ അടസ്ഥാനത്തിൽ പതിമൂന്ന് വയസ്സ് തികഞ്ഞ കുട്ടികൾക്ക് സീനിയർ ഹയർ ഡിപ്ലോമ കോഴ്സായ നീലക്കുറിഞ്ഞിയിലേക്ക് നേരിട്ട് പ്രവേശനം ലഭിക്കും. മിഷന്റെ പഠന കേന്ദ്രങ്ങളിൽ പഠിതാക്കളല്ലാത്ത കുട്ടികൾക്കും ഈ മാസം 15നകം അപേക്ഷിക്കാം.

അപേക്ഷാ ഫോറം ബഹ്റൈറൈൻ കേരളീയ സമാജത്തിലുള്ള മലയാളം മിഷൻ ചാപ്റ്റർ കേന്ദ്രത്തിൽ നിന്ന് ലഭിക്കുന്നതാണ്. സമാന്തര പ്രവേശനത്തെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് രജിത അനി (ജോയിന്റ് സെക്രട്ടറി, മലയാളം മിഷൻ ബഹ്റൈൻ ചാപ്റ്റർ) 38044694, 36045 442 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

സീനിയർ ഹയർ ഡിപ്ലോമ കോഴ്സായ നീലക്കുറിഞ്ഞിക്ക് പത്താം ക്ലാസ്സിന് തുല്യമായ അംഗീകാരം നേടിയെടുക്കുന്നതിനായി പ്രവർത്തിച്ച മലയാളം മിഷന് മലയാളം മിഷൻ ബഹ്റൈൻ ചാപ്റ്റർ അഭിനന്ദനങ്ങൾ അറിയിച്ചു.