മനാമ: ജനങളുടെ അവകാശങ്ങൾ സ്ഥാപിച്ച് കിട്ടാൻ നിരന്തരമായി ഭരണകൂടത്തോട് കലഹിച്ചു കൊണ്ടിരിക്കുകയെന്നത് അനഭിലഷണീയമാണെന്ന് കേരളത്തിലെ അറിയപ്പെടുന്ന ചിന്തകനും എഴുത്തുകാരനും കാലിക്കറ്റ് യൂണിവേഴ് സിറ്റിയിലെ ഫിലോസഫി ഡിപ്പാർട്ട്മെന്റ് പ്രൊഫസറും കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ ഡോ. പി.കെ പോക്കർ അഭിപ്രായപ്പെട്ടു. ‘പൗര സമൂഹത്തിന്റെ ആവകാശങ്ങൾ’ എന്ന വിഷയത്തിൽ ഫ്രൻറ്സ് സോഷ്യൽ അസോസിയേഷൻ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വോട്ട് രേഖപ്പെടുത്താൻ അവകാശമുള്ളവർ ആണ് പൗരന്മാർ. അവരുടെ വോട്ട് വാങ്ങി ഭരണത്തിലേറിയവർക്ക് തങ്ങളുടെ വോട്ടർമാർ പൗരന്മാരല്ലെന്ന് പറയാൻ യാതൊരു വിധ അവകാശവുമില്ല. വംശീയതയുടെ പേരിൽ ആളുകളെ ഉന്മൂലനം ചെയ്യാൻ മടിയില്ലാത്തവരെ ഒറ്റക്കെട്ടായി നിന്ന് നേരിടേണ്ട ഇക്കാലഘട്ടത്തിൽ മൗനം പോലും വംശീയതക്ക് കുടപിടിക്കലാണ്. അനീതി നടമാടുമ്പോൾ എങ്ങിനെ മൗനിയാകാൻ സാധിക്കുന്നു എന്നത് അത്ഭുതകരമാണ്. എല്ലാ ജനാധിപത്യ വിശ്വാസികളും ഒന്നിച്ചു നിന്നുള്ള പ്രതിരോധം സാധ്യമാക്കേണ്ടതുണ്ട്. മൗനം കൂടുതൽ നാശത്തിലേക്ക് വഴിമാറുമെന്ന് ഇന്ന് ജനങ്ങൾ തിരിച്ചറിയുന്നു. ഇന്ത്യയിൽ ജനിച്ചു ജീവിച്ച ഒരാൾ താൻ താൻ ഇന്ത്യക്കാരൻ ആണെന്ന് വിളിച്ച് പറയേണ്ട ഗതികേട് ഇല്ലായ്മ ചെയ്യാൻ നമുക്ക് കഴിയേണ്ടതുണ്ട്. ജർമനിയിൽ ഹിറ്റ്ലറുടെ നാസി ഗ്യാസ് ചേംബറുകൾ രാജ്യത്ത് ഉണ്ടാകാതിരിക്കാൻ ജനാധിപത്യ സമൂഹം പോരാട്ടം തുടരേണ്ടതുണ്ടെന്നും അദ്ദേഹം ഓർമിപ്പിച്ചു.
ഹൂറ ചാരിറ്റി ഹാളിൽ നടന്ന പരിപാടിയിൽ പ്രമുഖ എഴുത്തുകാരി ഷെമിലി. പി ജോൺ ആശംസ നേർന്നു. ഫ്രൻറ്സ് അസോസിയേഷൻ പ്രസിഡന്റ് ജമാൽ ഇരിങ്ങൽ അധ്യക്ഷത വഹിക്കുകയും ജനറൽ സെക്രട്ടറി എം. എം സുബൈർ സ്വാഗതമാശംസിക്കുകയും ചെയ്തു. വൈസ് പ്രസിഡൻറ് സഈദ് റമദാൻ നദ്വി നന്ദി പറഞ്ഞു . എക്സിക്യൂട്ടീവ് അംഗം എ. എം ഷാനവാസ് പരിപാടി നിയന്ത്രിച്ചു.