മനാമ: സാധാരണക്കാരെയും, പാവപ്പെട്ടവരെയും മറന്നുകൊണ്ടുള്ള ബഡ്ജറ്റ് ആണ് ഇന്നലെ ധനമന്ത്രി അവതരിപ്പിച്ചത് എന്ന് ഐ വൈ സി സി ബഹ്‌റൈൻ ദേശീയ പ്രസിഡന്റ് അനസ് റഹീം അഭിപ്രായപ്പെട്ടു. BJP സർക്കാർ അധികാരത്തിൽ എത്തിയ അന്നുമുതൽ എങ്ങനെ ലാഭത്തിലുള്ള പൊതുമേഖല സ്ഥാപനങ്ങൾ വിൽക്കുക എന്ന് പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. അതിന്റെ പിന്തുടർച്ചയാണ് ഈ ബഡ്ജറ്റിലും കാണുന്നത്. എയർ ഇന്ത്യ വിൽക്കുന്നതുമായി ബന്ധപ്പെട്ട് വിവാദങ്ങൾ പുകയുന്ന ഈ സമയത്ത് തന്നെ LIC ഓഫ് ഇന്ത്യ വിൽക്കുന്നതിന് കേന്ദ്ര സർക്കാർ ശ്രമിക്കുന്നു. ഇതുപോലുള്ള പൊതു മേഖലാ സ്ഥാപനങ്ങൾ വർഷങ്ങളുടെ പരിശ്രമം കൊണ്ടാണ് ഇന്നത്തെ അവസ്ഥയിൽ എത്തിച്ചത്. അതെല്ലാം വിസ്മരിച്ച് എത്രയും പെട്ടെന്ന് ഈ സ്ഥാപനങ്ങളെ കോർപ്പറേറ്റുകളുടെ കാൽകീഴിൽ കൊണ്ടു വെക്കുവാനാണ് മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ ശ്രമിക്കുന്നത്. തൊഴിൽ അവസരങ്ങൾ വർദ്ധിപ്പിക്കുവാനുള്ള യാതൊരു നടപടിയും സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നില്ല. ഒരോ ദിവസവും ദരിദ്ര വിഭാഗത്തിന്റെ എണ്ണത്തിൽ വർദ്ധനയുണ്ടാകുന്നു, അതിനെ മറി കടക്കുന്നതിനെക്കുറിയ്ച്ചും ബഡ്ജറ്റിൽ പറയുന്നില്ല എന്നത് നിരാശജനകമാണ് എന്ന് അഭിപ്രായപ്പെട്ടു.