ആർ.എസ്.സി ബഹ്റൈൻ നാഷനൽ സാഹിത്യോത്സവ് നാളെ(വെള്ളിയാഴ്ച)

മനാമ: പ്രവാസി യുവാക്കളുടെയും വിദ്യാർത്ഥികളുടെയും സർഗ്ഗവാസനകളെ ധർമ വഴിയിൽ പരിപോഷിപ്പിക്കുന്നതിനും, അപഹരിക്കപ്പെടുന്ന കലാമൂല്യങ്ങളെ തിരിച്ച് പിടിക്കുന്നതിനും വേണ്ടി രിസാല സ്റ്റഡി സർക്കിൾ ( ആർ. എസ്. സി) ഗൾഫിലുടനീളം നടത്തുന്ന സാഹിത്യോത്സവിന്റെ പതിനൊന്നാമത് എഡിഷൻ ബഹ്റൈൻ നാഷനൽ തല മത്സരത്തിന് നാളെ ഉച്ചക്ക് രണ്ട് മണിക്ക് മനാമ പാക്കിസ്ഥാൻ ക്ലബ്ബിൽ തുടക്കമാവും.

ബഡ്സ്, കിഡ്സ്, ജൂനിയർ, സീനിയർ ,ജനറൽ എന്നീ വിഭാഗങ്ങളിലായി മാപ്പിളപ്പാട്ട് , മാലപ്പാട്ട്, കഥ പറയൽ, ജല ഛായം, ദഫ്, ഖവാലി, കവിതാ പാരായണം, വിവിധ ഭാഷകളിലെ രചനാ മത്സരങ്ങൾ, പ്രസംഗങ്ങൾ, വിവർത്തനം ,വായന തുടങ്ങി 106 ഇനങ്ങളിലാണ് ഇത്തവണ മത്സരം നടക്കുന്നത്. ഇതിൽ പ്രീ കെ.ജി മുതൽ 30 വയസ്സ് വരെയുള്ള പ്രവാസി മലയാളികളായ യുവതി യുവാക്കൾക്കായി നടത്തിയ മത്സരങ്ങളിൽ യൂനിറ്റ്, സെക്ടർ, സെൻട്രൽ ഘടകങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ച കലാപ്രതിഭകൾ ആണ് നാഷനൽ മത്സരത്തിൽ മാറ്റുരയ്ക്കുന്നത്

സാഹിത്യോത്സവിന് മുന്നോടിയായി കലാരവം, കലാവലയം, സെമിനാർ എന്നിവ വിവിധ ഘടകങ്ങളിൽ പൂർത്തിയായി. പ്രവാസി എഴുത്തുകാർക്കായി നൽകുന്ന കലാലയം പുരസ്കാര വിതരണം സാഹിത്യേത്സവ് സമാപന വേദിയിൽ നടക്കും.

രാത്രി എട്ട് മണിക്ക് നടക്കുന്ന സമാപന സമ്മേളനം ജീവകാരുണ്യ പ്രവർത്തന രംഗത്ത് മാതൃകയായ പ്രമുഖ സാമൂഹ്യ പ്രവർത്തകൻ ഫിറോസ് കുന്നം പറമ്പിൽ ഉദ്ഘാടനം ചെയ്യും. ബഹ്റൈനിലെ മത സാമൂഹിക സാംസ്കാരിക വിദ്യഭ്യാസ രംഗത്തെ പ്രമുഖർ സംബന്ധിക്കും.

ആർ.എസ്.സി. നാഷനൽ ചെയർമാൻ അബ്ദുള്ള രണ്ടത്താണിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന പ്രോഗ്രാം സമിതി യോഗം പരിപാടികൾക്ക് അന്തിമരൂപം നൽകി.അബ്ദുറഹീം സഖാഫി വരവൂർ , വി.പി.കെ. മുഹമ്മദ്, നവാസ് പാവണ്ടൂർ, അഷ്ഫാഖ് മണിയൂർ , ഫൈസൽ ചെറുവണ്ണൂർ ,അഡ്വക്കറ്റ് ഷബീറലി, ബഷീർ ക്ലാരി, ഹൈസൽ അലനല്ലൂർ, അഷ്റഫ് മങ്കര, ഷഹീൻ അഴിയൂർ സംബന്ധിച്ചു.