മനാമ: യൂത്ത് കോണ്‍ഗ്രസ് നേതാക്കളായിരുന്ന കണ്ണൂര്‍ ജില്ലയിലെ എടയന്നൂര്‍ സ്വദേശി ശുഹൈബ്, കാസര്‍ഗോഡ് ജില്ലയിലെ പെരിയയിലെ ശരത് ലാല്‍, കൃപേഷ് എന്നിവരുടെ രക്തസാക്ഷിത്വ ദിനാചരണം ഒഐസിസി ബഹ്റൈന്‍ ദേശീയ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്നു. അക്രമ രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കുകയും, കൊലപതാക കേസിലെ പ്രതികളായ അണികളെ സംരക്ഷിക്കുകയും ചെയ്യുന്ന പാര്‍ട്ടിയാണ് സിപിഎമ്മെന്ന് യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.
പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് സിപിഎമ്മിന്റേത്, കേസ് സി ബി ഐ അന്വേഷണം നടത്താതിരിക്കാന്‍ വേണ്ടി പൊതു ഖജനാവില്‍ നിന്ന് ലക്ഷകണക്കിന് രൂപ ചിലവഴിക്കുകയാണ്. മക്കളെ നഷ്ടപ്പെട്ട മാതാപിതാക്കള്‍ ഹൈക്കോടതിയെയും, സുപ്രീം കോടതിയെയും സമീപിക്കുമ്പോള്‍ അതിനെതിരെ പൊതുജനത്തിന്റെ പണം ഉപയോഗിച്ച് ഇന്ത്യയിലെ ഏറ്റവും മുതിര്‍ന്ന അഭിഭാഷകരെ സംസ്ഥാന സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്യുകയാണ്. എക്കാലത്തും അക്രമികളെ പ്രോത്സാഹിപ്പിക്കുന്ന നടപടികള്‍ ആണ് സിപിഎം സ്വീകരിക്കുന്നത്. അതിനേറ്റ തിരിച്ചടിയാണ് കഴിഞ്ഞ പാര്‍ലിമെന്റ് തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ കണ്ടത്. യോഗത്തില്‍ നേതാക്കള്‍ അഭിപ്രായപ്പെട്ടു.
കേരളത്തില്‍ സി പി എം അക്രമ രാഷ്ട്രീയം അവസാനിപ്പിച്ചില്ലെങ്കില്‍ മറ്റ് പല സംസ്ഥാനങ്ങളിലെ പോലെ കേരളത്തിലും ജനങ്ങള്‍ പാര്‍ട്ടിയെ പൂര്‍ണമായും തിരസ്‌കരിക്കും. കേരളം ഏറ്റവും കൂടുതല്‍ വെറുക്കുന്ന രാഷ്ട്രീയ ശൈലിയാണ് ബിജെപിയും സിപിഎം എന്നിവര്‍ തുടരുന്നതെന്നും യോഗം ചൂണ്ടിക്കാണിച്ചു. ഒഐസിസി ദേശീയ വൈസ് പ്രസിഡന്റ് രവി കണ്ണൂര്‍ അധ്യക്ഷത വഹിച്ച ചടങ്ങ് ദേശീയ പ്രസിഡന്റ് ബിനു കുന്നന്താനം ഉദ്ഘാടനം ചെയ്തു. ദേശീയ സെക്രട്ടറി ജവാദ് വക്കം സ്വാഗതവും ദേശീയ ജനറല്‍ സെക്രട്ടറി ബോബി പാറയില്‍ നന്ദിയും രേഖപ്പെടുത്തി. മഹിളാ കോണ്‍ഗ്രസ് കൊല്ലം ജില്ലാ ജനറല്‍ സെക്രട്ടറി ബിനി അനില്‍, ഒഐസിസി നേതാക്കളായ അഷ്റഫ് മര്‍വ, രാഘവന്‍ കരിച്ചേരി, നസിം തൊടിയൂര്‍, സുനില്‍ ചെറിയാന്‍, നിസാര്‍ കുന്നത്ത്കുളത്തില്‍, ബിജുബാല്‍, സല്‍മാനുല്‍ ഫാരിസ്, സുരേഷ് പുണ്ടൂര്‍, റംഷാദ്, അനില്‍ കൊല്ലം, ഫിറോസ് അറഫ, ഷാജി തങ്കച്ചന്‍, ഷെരിഫ് ബംഗ്ലാവില്‍ എന്നിവര്‍ സംസാരിച്ചു.