ബഹ്‌റൈൻ കേരളീയ സമാജം അന്താരാഷ്ട്ര പുസ്തകോത്സവം, ഔപചാരിക ഉദ്ഘാടനം ഇന്ന്; ഡോ: എം കെ മുനീർ, കെ ആർ മീര, ഷിഹാബുദ്ധീൻ പൊയ്ത്തുംകടവ് എന്നിവർ വേദിയിലെത്തും

മനാമ: പത്തു ദിവസം നീണ്ടുനിൽക്കുന്ന ബഹ്‌റൈൻ കേരളീയ സമാജം അന്താരാഷ്ട്ര പുസ്തകോത്സവത്തിന് ഇന്ന് ഔദ്യോഗിക തിരശീലയുയരും. കേരള നിയമസഭ പ്രതിപക്ഷ ഉപനേതാവ് ഡോ: എം കെ മുനീര്‍ ഇന്ന് ഫെബ്രുവരി 20, വൈകിട്ട് ഭദ്രദീപം കൊളുത്തി ഔപചാരികമായ ഉദ്ഘാടനം കർമ്മം നിർവ്വഹിക്കും. പ്രശസ്ത എഴുത്തുകാരി കെ. ആർ. മീര, എഴുത്തുകാരനും പത്ര പ്രവർത്തകനുമായ ഷിഹാബുദീൻ പൊയ്ത്തുംകടവ് എന്നിവരോടൊപ്പം സമാജം പ്രസിഡന്റ് പി. വി. രാധാകൃഷ്ണപിള്ളയും സെക്രട്ടറി വർഗീസ് കാരക്കലും ഉദ്ഘാടനചടങ്ങിൽ സന്നിഹിതരാകും.

അൻപതിലധികം പ്രസാധകരുടെ പതിനായിരത്തോളം തലക്കെട്ടുകളിലുള്ള പുസ്തകങ്ങൾ അണിനിരക്കുന്ന പുസ്തകോത്സവം ഇതിനകം തന്നെ പ്രവാസ സാംസ്കാരിക രംഗത്ത് ശ്രദ്ധയാകർഷിച്ചിട്ടുണ്ട്.
പുസ്തകോത്സവത്തിൻ്റെ ഭാഗമായുള്ള സാഹിത്യ- വിജ്ഞാന മത്സരങ്ങളും ചിത്രശില്പ കരകൗശല പ്രദർശനവും ഇന്നലെ ആരംഭിച്ചിരുന്നു. മുഖ്യ ആകർഷണമായ ലോകത്തിലെ ഏറ്റവും നീളം കൂടിയ കൈ കൊണ്ടെഴുതിയ കാലിഗ്രാഫി ഖുർആൻ സമാജം ബാബുരാജൻ ഹാളിലാണ് പ്രദർശിപ്പിച്ചിരിക്കുന്നത്.