ലോക സ്‌കോളേഴ്‌സ് കപ്പിൽ മികവ് പുലർത്തി ഇന്ത്യൻ സ്‌കൂൾ ബഹ്റൈൻ വിദ്യാർത്ഥികൾ

മനാമ: സെന്റ് ക്രിസ്റ്റഫർ സ്‌കൂളിൽ അടുത്തിടെ നടന്ന ലോക സ്‌കോളേഴ്‌സ് കപ്പിന്റെ ബഹ്‌റൈൻ റൗണ്ടിൽ ഇന്ത്യൻ സ്‌കൂൾ പത്താം ക്ലാസ് വിദ്യാർത്ഥികളായ ബാല ശ്രീവത്സവ് യെറാമിലി, നന്ദിതാ ദിലീപ്, കാർത്തിക സുരേഷ് എന്നിവർ മികച്ച വിജയം നേടി. സീനിയർ ഡിവിഷനിൽ 3 ട്രോഫികളും 24 സ്വർണവും 7 വെള്ളിയും നേടി ടീം ഒമ്പതാം സ്ഥാനം കരസ്ഥമാക്കി. തുടർന്ന് നടക്കാനിരിക്കുന്ന സ്‌കോളേഴ്‌സ് കപ്പിന്റെ ആഗോള റൗണ്ടിലേക്കും ഇവർ യോഗ്യത നേടിയിട്ടുണ്ട്.

ടീം അംഗങ്ങളുടെ വ്യക്തിഗത പ്രകടനത്തിൽ നന്ദിതാ ദിലീപ് 10 സ്വർണവും 2 വെള്ളിയും മികച്ച സ്കോളർ വിഭാഗത്തിൽ അഞ്ചാം സ്ഥാന ട്രോഫിയും നേടി. ബാല ശ്രീവത്സവ് യെരാമിലി 9 സ്വർണവും 3 വെള്ളിയും മികച്ച സ്കോളർ വിഭാഗത്തിൽ അഞ്ചാം സ്ഥാന ട്രോഫിയും സ്വന്തമാക്കി. കാർത്തിക സുരേഷ് 5 സ്വർണവും 2 വെള്ളിയും നേടി.

കൂടാതെ സ്‌കൂൾ, ഗ്രൂപ് ചർച്ചയിലും സഹകരണ രചനയിലും മൂന്നാം സ്ഥാന ട്രോഫി നേടി. 12 ലധികം സ്കൂളുകളെ പ്രതിനിധീകരിച്ച് 750 ൽ അധികം സ്കോളർമാർ പങ്കെടുത്ത സഭയിൽ ഇന്ത്യൻ സ്‌കൂളിനെ പ്രതിനിധീകരിക്കുന്ന ഒരേയൊരു ടീം എന്ന നിലയിൽ മാതൃകാപരമായ പ്രകടനം നടത്താൻ ടീമിന് കഴിഞ്ഞു. ഇന്ത്യൻ സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ, സെക്രട്ടറി സജി ആന്റണി, പ്രിൻസിപ്പൽ വി ആർ പളനിസ്വാമി എന്നിവർ വിദ്യാർത്ഥികളുടെ മികച്ച പ്രകടനത്തെ അഭിനന്ദിച്ചു.