മനാമ: ബഹ്‌റൈനില്‍ അടുത്തിടെ കാണപ്പെടുന്ന വെട്ടുകിളികള്‍ അപകടകാരിളല്ലെന്ന് അഗ്രികള്‍ച്ചര്‍, മറീന്‍ റിസോഴ്‌സസ് ഡിപാര്‍ട്ട്‌മെന്റ്. ഫെബ്രുവരി മാസത്തിന്റെ ആദ്യവാരം മുതല്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി വെട്ടുകിളികള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാല്‍ ഇത് പെറ്റുപെരുകി വിളകള്‍ക്ക് നാശം സൃഷ്ടിക്കുന്ന വിഭാഗത്തില്‍പ്പെടുന്നവയെല്ലെന്ന് അഗ്രികള്‍ച്ചര്‍, മറീന്‍ റിസോഴ്‌സസ് ഡിപാര്‍ട്ട്‌മെന്റ് വ്യക്തമാക്കി.
ബഹ്‌റൈനില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്ന വെട്ടുകിളികള്‍ പതിയെ യെമന്‍, ഒമാന്‍, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിലെ ചില പ്രവ്യശ്യകളിലേക്ക് ഉടന്‍ നീങ്ങുമെന്നും അധികൃതര്‍ വ്യക്തമാക്കി. ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്ന വെട്ടുകിളികളെപ്പറ്റി പഠനം നടത്തുന്നുണ്ടെന്നും നിലവില്‍ ആശങ്കയ്ക്കിടയാക്കുന്ന യാതൊന്നുമില്ലെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
ആര്‍ത്രോപോഡ (Arthropoda) ഫൈലം, ഇന്‍സെക്ട (Insecta)ക്ലാസ്സ്, ആക്രിഡിഡേ (Acrididae) കുടുംബം, ഓര്‍ത്തപ്‌റ്റെറ (Orthoptera) ഓര്‍ഡറില്‍ ഉള്‍പ്പെടുന്ന വലിയ പുല്‍ച്ചാടി(Grasshoper) ഇനങ്ങളെ (species) ആണ് വെട്ടുകിളി (Locust) എന്ന് വിളിക്കപ്പെടുന്നത് . അനുകൂല പരിസ്ഥിതിയില്‍ (ഉയര്‍ന്ന താപം, ഈര്‍പ്പം) വളരെ പെട്ടെന്ന് വംശവര്‍ധന നടത്തുന്ന ഇവ നിംഫു (Nymph) ദശയില്‍ കൂട്ടം ചേര്‍ന്ന്, പൂര്‍ണ വളര്‍ച്ച എത്തി ആക്രമണ സ്വഭാവത്തോടെ ഒരുമിച്ചു വളരെ ദൂരം സഞ്ചരിച്ച് സകല പച്ചപ്പുകളെയും തിന്നു നശിപ്പിക്കാറുണ്ട്. എന്നാല്‍ ബഹ്‌റൈനില്‍ കണ്ടെത്തിയിരിക്കുന്നവ അപകടകാരികളല്ല.