കെ.എം.സി.സി ബഹ്റൈന്‍ സംസ്ഥാന കമ്മിറ്റി പ്രവര്‍ത്തനോദ്ഘാടനവും ഇ. അഹമ്മദ് അനുസ്മരണവും ഇന്ന്, ശനിയാഴ്ച

മനാമ: ജീവകാരുണ്യ രംഗത്ത് നിറസാന്നിധ്യമായ കെ.എം.സി.സി ബഹ്റൈന്‍ സംസ്ഥാന കമ്മിറ്റിയുടെ പ്രവര്‍ത്തനോദ്ഘാടനവും ഇ. അഹമ്മദ് സാഹിബ് അനുസ്മരണവും ഇന്ന് നടക്കും. മനാമ ഗോള്‍ഡ് സിറ്റി ബില്‍ഡിങ്ങിലെ കെ.സി.ടി ബിസിനസ് സെന്ററില്‍ നടക്കുന്ന പരിപാടിയില്‍ മുന്‍മന്ത്രിയും പ്രതിപക്ഷ ഉപനേതാവുമായ ഡോ. എം.കെ മുനീര്‍ മുഖ്യാതിഥിയാകും. പ്രവാസലോകത്ത് കാരുണ്യസാംസ്‌കാരിക പ്രവര്‍ത്തനമേഖലകളില്‍ ശ്രദ്ധേയമായ ബഹ്റൈന്‍ കമ്മിറ്റിയുടെ രണ്ടുവര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഇതോടെ തുടക്കമാകവുക.

മുന്‍ കേന്ദ്രവിദേശകാര്യ സഹമന്ത്രിയും മുസ്ലീം ലീഗ് ദേശീയ പ്രസിഡന്റുമായിരുന്ന ഇ. അഹമ്മദ് സാഹിബിനെ അനുസ്മരിക്കുകയും ചെയ്യുന്ന പരിപാടിയിലേക്ക് എല്ലാ അംഗങ്ങളെയും ക്ഷണിക്കുന്നതായി കെ.എം.സി.സി ബഹ്റൈന്‍ പ്രസിഡന്റ ഹബീബുറഹ്മാന്‍, ജനറല്‍ സെക്രട്ടറി അസൈനാര്‍ കളത്തിങ്ങല്‍ എന്നിവര്‍ അറിയിച്ചു.

കാരുണ്യ-സാമൂഹിക-സാംസ്‌കാരിക രംഗങ്ങളിലെ ജനകീയ ഇടപെടലുകളിലൂടെ ഏവരുടെയും പ്രശംസ പിടിച്ചുപറ്റിയ ബഹ്റൈന്‍ കെ.എം.സി.സിക്ക് ജില്ലാ, ഏരിയ കമ്മിറ്റികളും മണ്ഡലം, പഞ്ചായത്ത് കമ്മിറ്റികളുമാണുള്ളത്. കഴിഞ്ഞ കാലയളവില്‍ 31 നിര്‍ധനരായ കുടുംബങ്ങള്‍ക്ക് പ്രവാസി ബൈത്തുറഹ്മ പദ്ധതിയിലൂടെയും, 13 കുടുംബങ്ങള്‍ക്ക് തണല്‍ വീട് പദ്ധതിയിലൂടെയും അഞ്ച് കുടുംബങ്ങള്‍ക്ക് ബൈത്തുറഹ്മ പദ്ധതിയിലൂടെയുമാണ് ബഹ്റൈന്‍ കെ.എം.സി.സി തണലേകിയത്. കേരളത്തെ കണ്ണീരിലാഴ്ത്തിയ പ്രളയ ദുരിതാശ്വാസ സഹായ പ്രവര്‍ത്തനങ്ങളിലെ കെ.എം.സി.സിയുടെ പങ്ക് കേരള സര്‍ക്കാര്‍ പോലും അനുമോദിക്കുകയുണ്ടായി. വിവാഹ സംഗമങ്ങളിലൂടെ നിരവധി യുവതികളുടെ കണ്ണീരൊപ്പാനും ഈ പ്രവാസി കൂട്ടായ്മയിലൂടെ സാധിച്ചു.

ബഹ്റൈനില്‍ വച്ച് മരണപ്പെടുന്ന പ്രവാസികളുടെ മയ്യിത്ത് നാട്ടിലെത്തിക്കാനും കമ്മിറ്റി മുന്‍പന്തിയിലുണ്ട്. 31 ‘ജീവസ്പര്‍ശം’ ക്യാംപിലൂടെ നാലായിരത്തിലധികം രോഗികള്‍ക്കാണ് രക്തം ദാനം ചെയ്തത്. അല്‍ അമാന സാമൂഹിക സുരക്ഷാ സ്‌കീം വഴി നിരവധി അംഗങ്ങള്‍ക്കുള്ള ചികിത്സാ സഹായവും മരണാനന്തര സഹായവും പെന്‍ഷനും നല്‍കിവരുന്നു. സി.എച്ച് സെന്റര്‍ പ്രവര്‍ത്തങ്ങള്‍, പ്രവാസി പെന്‍ഷന്‍, പ്രവാസി വിധവാ പെന്‍ഷന്‍, ജീവജലം കുടിവെള്ള പദ്ധതി, പലിശരഹിത നിധി, സ്‌കൂള്‍ കിറ്റ് വിതരണം, മൊബൈല്‍ ഹൈടെക് ഐ.സി.യു ആംബുലന്‍സ്, പെയിന്‍ ആന്റ് പാലിയേറ്റീവ് ആംബുലന്‍സ്, ഇ. അഹമ്മദ് സാഹിബ് മെമ്മോറിയല്‍ എജ്യൂക്കേഷണല്‍ സ്‌കോളര്‍ഷിപ്പ്, പ്രത്യാശ റേഷന്‍ പദ്ധതിക്കുള്ള സഹായം, വിവാഹ സഹായങ്ങള്‍, റിലീഫ് പ്രവര്‍ത്തങ്ങള്‍, തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങള്‍ ജില്ലാ, ഏരിയ, മണ്ഡലം, പഞ്ചായത്ത് കമ്മിറ്റികള്‍ മുഖേനയും നടത്തിവരുന്നുണ്ട്.