bahrainvartha-official-logo
Search
Close this search box.

ബഹ്‌റൈന്‍ കേരളീയ സമാജം അന്താരാഷ്ട്ര പുസ്തകോത്സവത്തിന് ആവേശത്തുടക്കം; മികച്ച ജനപങ്കാളിത്തം

1

മനാമ: ബഹ്‌റൈന്‍ കേരളീയ സമാജം അന്താരാഷ്ട്ര പുസ്തകോത്സവത്തിന് ആവേശത്തുടക്കം. ഫെബ്രുവരി 20ന് മുന്‍മന്ത്രിയും കേരള നിയമസഭ പ്രതിപക്ഷ ഉപനേതാവുമായ ഡോ എം കെ മുനീറാണ് പുസ്തകോത്സവത്തിന്റെ ഔപചാരികമായ ഉദ്ഘാടനം നിര്‍വഹിച്ചത്. പ്രശസ്ത എഴുത്തുകാരി കെ. ആര്‍. മീര, എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായ ഷിഹാബുദീന്‍ പൊയ്ത്തുംകടവ് തുടങ്ങിയവരും ഉദ്ഘാടനവേദിയിലെത്തിയിരുന്നു.

അന്‍പതിലധികം പ്രസാധകരുടെ പതിനായിരത്തോളം തലക്കെട്ടുകളിലുള്ള പുസ്തകങ്ങള്‍ അണിനിരക്കുന്ന പുസ്തകോത്സവം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമാവുകയാണ്. ആദ്യ ദിനം ശിഹാബുദീന്‍ പൊയ്ത്തുംകടവ് നടത്തിയ ‘മറുജീവിതം ‘ എന്ന പ്രഭാഷണം പ്രവാസികള്‍ക്കിടയില്‍ ഏറെ ശ്രദ്ധയാകര്‍ഷിച്ചു. ക്വിലിറ്റ് 2020 എന്ന പേരിലുള്ള മുതിര്‍ന്നവര്‍ക്കുള്ള സാഹിത്യ പ്രശ്നോത്തരി, കുട്ടികള്‍ക്കുള്ള കഥാരചനാ മത്സരം, ചിത്രകലാ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടന്ന ചിത്രശില്പ -കരകൗശല പ്രദര്‍ശനം എന്നിവയായിരുന്നു ഉദ്ഘാടന ദിവസത്തെ പ്രധാന പരിപാടികള്‍. മേളയുടെ ആദ്യ ദിനം മുതല്‍ തന്നെ അപ്രതീക്ഷിതമായ ജനപങ്കാളിത്തമാണ് അനുഭവപ്പെടുന്നതെന്ന് സംഘാടകർ പറഞ്ഞു.

പ്രവേശന കവാടം

 

ഉദ്ഘാടന വേദിയിൽ കെ ആർ മീരയുടെ ഏറ്റവും പുതിയ പുസ്തകമായ ‘കഥയെഴുത്ത്’ ബഹ്റൈൻ കേരളീയ സമാജം പ്രസിഡൻറ് പി വി രാധാകൃഷ്ണപിള്ള കഥാകൃത്ത് ഷിഹാബുദ്ധീൻ പൊയ്ത്തുംകടവിലിന് നൽകിക്കൊണ്ട് പ്രകാശനം ചെയ്തു.

 വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് ഡോ. എം.കെ. മുനീര്‍ ബഹ്റൈന്‍ മലയാളികളുമായി സംവദിച്ചു. തുടർന്ന് നടന്ന ചടങ്ങിൽ ഷിഹാബുദ്ധീൻ പൊയ്ത്തുംകടവിലിൻ്റെ ‘അനുഭവം ഓർമ യാത്ര’ എന്ന പുസ്തകത്തിൻ്റെ പ്രകാശന കർമ്മം കെ ആർ മീര പി വി രാധാകൃഷ്ണപിള്ളക്ക് കൈമാറി നിർവഹിച്ചു. സ്ത്രീ, സമൂഹം രാഷ്ട്രീയം എന്ന വിഷയത്തെ കുറിച്ച് കെ ആര്‍ മീരയും സംസാരം ശ്രവിക്കാൻ വേദി നിറഞ്ഞു കവിഞ്ഞിരുന്നു.

ഐക്യം എന്ന വിഷയത്തെ അധികരിച്ച് ബി.കെ.എസ് ചിത്രകലാ ക്ലബ് സംഘടിപ്പിക്കുന്ന ചിത്രപ്രദര്‍ശനവും നടന്നു.

സാഹിത്യ ക്വിസ്, കവര്‍ ഡിസൈന്‍, ചിത്രരചന, കഥ -കവിത രചന, വിവിധ ശില്‍പ്പശാലകള്‍, ചിത്രശില്പ -കരകൗശല പ്രദര്‍ശന തുടങ്ങി നിരവധി പരിപാടികളും മത്സരങ്ങളുമാണ് മേളയോട് അനുബന്ധിച്ച് സംഘടിപ്പിക്കപ്പെട്ടിട്ടുള്ളത്. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കുമായി പ്രത്യേകം സാഹിത്യ ക്യാംപുകളും നടന്നു. കെ ആര്‍ മീരയും ശിഹാബുദീന്‍ പൊയ്ത്തുംകടവും മുതിര്‍ന്നവര്‍ക്കുള്ള സാഹിത്യ ക്യാമ്പിന് നേതൃത്വം നല്‍കി. കനേഡിയന്‍ സാഹിത്യകാരന്‍ ക്രെയ്ഗ് സ്റ്റീഫന്‍ കോപ്ലാന്‍ഡ്, എഴുത്തുകാരായ ജോയല്‍ ഇന്ദ്രപതി, മീര രവി തുടങ്ങിയവരായിരുന്നു കുട്ടികളുടെ ക്യാമ്പിന്റെ നേതൃത്വം.

സ്വാമി അഗ്നിവേശ്, സിപിഎം പോളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി, കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് ജയ്റാം രമേശ്, മാധ്യമപ്രവര്‍ത്തകന്‍ രാജ്ദീപ് സര്‍ദേശായി, സാഹിത്യകാരന്‍മാരായ സുഭാഷ് ചന്ദ്രന്‍, കെ. ജി .ശങ്കരപിള്ള, വി ആര്‍ സുധീഷ് തുടങ്ങിയവരും വരും ദിവസങ്ങളില്‍ മേളയുടെ ഭാഗമായി എത്തും. കേരളത്തിലെ പ്രമുഖ പ്രസാധകര്‍ നയിക്കുന്ന ‘പുസ്തകം ‘ എന്ന കൂട്ടായ്മയുടെ ബാനറില്‍ പതിനായിരത്തോളം തലക്കെട്ടുകളിലുള്ള പുസ്തകങ്ങളാണ് ഇത്തവണ മേളയിലുള്ളത്. മാതൃഭൂമി, ഒലീവ്, ചിന്ത, തുടങ്ങി കേരളത്തിലെ പ്രധാന പ്രസാധകരെല്ലാം മേളയിലുണ്ട്.

 

ചിത്രങ്ങൾ: സത്യൻ പേരാമ്പ്ര, വി.പി നന്ദകുമാർ

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!