കേരളത്തിലെ ആരോഗ്യമേഖല മികച്ച മാതൃക; രാജ്യത്തിനാവശ്യം കൂടുതല്‍ ആരാധനാലയങ്ങളല്ല, സ്‌കൂളുകളും ആശുപത്രികളുമാണ്; രാജ്ദീപ് സര്‍ദേശായി

മനാമ: ഇന്ത്യക്ക് ആവശ്യം കൂടുതല്‍ ആരാധനാലയങ്ങളല്ല മറിച്ച് സ്‌കൂളുകളും ആശുപത്രികളുമാണെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ രാജ്ദീപ് സര്‍ദേശായി. ബഹ്റൈന്‍ കേരളീയ സമാജം അന്താരാഷ്ട്ര പുസ്തകോല്‍സവത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യം വികസിക്കേണ്ടത് എല്ലാവര്‍ക്കും തുല്യ വിദ്യഭ്യാസ, ആരോഗ്യ പരിരക്ഷ നല്‍കിക്കൊണ്ടായിരിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഉത്തരേന്ത്യയുമായി താരതമ്യം ചെയ്യുമ്പോള്‍ രാജ്യം മാതൃകയാക്കേണ്ട ആരോഗ്യ, വിദ്യഭ്യാസ മേഖലയാണ് കേരളത്തിന്റേതെന്നും രാജ്ദീപ് സര്‍ദേശായി ചൂണ്ടിക്കാണിച്ചു.

നമ്മുടെ രാജ്യത്തിന് ആവശ്യം ആരാധനാലയങ്ങളല്ല, മറിച്ച് സ്‌കൂളുകളും ആശുപത്രികളുമാണ്. നോര്‍ത്ത് ഇന്ത്യയിലേക്ക് നിങ്ങള്‍ നോക്കൂ, അതിശോചനീമായ അവസ്ഥയിലാണ് ആശുപത്രികള്‍ പ്രവര്‍ത്തിക്കുന്നത്. ബിഹാര്‍, ചത്തിസ്ഗഢ്, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ പൊതു ആരോഗ്യമേഖല ശക്തിപ്പെടുത്തുകയാണ് നാം ആദ്യം ചെയ്യേണ്ടത്. മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ സൗത്ത് ഇന്ത്യയിലെ കാര്യങ്ങള്‍ വ്യത്യാസമുണ്ട്. അവിടെ സ്‌കൂളുകളും ആശുപത്രികളും കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നതായി നമുക്ക് കാണാം. രജ്ദീപ് സര്‍ദേശായി പറഞ്ഞു. ഉത്തരേന്ത്യയും ദക്ഷിണേന്ത്യയും തമ്മില്‍ പലകാര്യങ്ങളിലും നിലനില്‍ക്കുന്ന അന്തരം കുറച്ചുകൊണ്ടുവരാനും സര്‍ക്കാരുകള്‍ ശ്രമിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യയിലെ രാഷ്ട്രീയ പ്രതിനിധികളെ സംബന്ധിച്ചിടത്തോളം വോട്ടുബാങ്ക് രാഷ്ട്രീയത്തിന്റെ അടിസ്ഥാനം ഘടകം ജാതിയും മതവും മാത്രമാണ്. നമുക്ക് വികസനത്തിന്റെയും രാജ്യനവീകരണത്തിന്റെയും കാര്യം സംസാരിക്കാന്‍ കഴിയണം. പൗരത്വ ഭേദഗതി ബില്ലിന്റെ ഉദ്ദേശശുദ്ധി മാനിക്കപ്പെടണമെങ്കില്‍ അതിന്റെ രൂപരേഖയില്‍ നിന്ന് വിവേചനപരമായ ഭാഗങ്ങള്‍ നീക്കണം എന്നും പൊതുസമൂഹത്തില്‍ മതിയായ ചര്‍ച്ചകള്‍ക്ക് ശേഷം മാത്രമേ ഏകീകൃത സിവില്‍ നിയമം കൊണ്ടുവരാന്‍ പാടുള്ളൂ എന്നും ഇന്ത്യന്‍ പ്രവാസി സമൂഹവുമായുള്ള സംവാദത്തിനിടെ അദ്ദേഹം പറഞ്ഞു. നോട്ടുനിരോധനം ഒരു പരാജയം ആയെന്ന വസ്തുത ഇനിയെങ്കിലും പ്രധാനമന്ത്രി സമ്മതിക്കണം എന്നും ഇ.വി.എം തട്ടിപ്പ് ആരോപണം തങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് ഉപയോഗിക്കുന്നതില്‍ നിന്നും പാര്‍ട്ടികള്‍ പിന്മാറണം എന്നും രാജ്ദീപ് തുറന്നടിച്ചു.

രാജ്ദീപ് സര്‍ദേശായിയുടെ പ്രഭാഷണപരിപാടിയിലും തുടര്‍ന്നുള്ള സംവാദത്തിലും സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണപിള്ള, സെക്രറ്ററി വര്‍ഗീസ് കാരക്കല്‍, ബുക്ക്ഫെസ്റ്റ് കണ്‍വീനര്‍ ഹരികൃഷ്ണന്‍, സാഹിത്യവിഭാഗം സെക്രട്ടറി , ഫിറോസ് തിരുവത്ര, സാഹിത്യവേദി കണ്‍വീനര്‍ ഷബിനി വാസുദേവ് എന്നിവര്‍ സംബന്ധിച്ചു. അദ്ദേഹത്തിന്റെ പുതിയ പുസ്തകം ഏറ്റുവാങ്ങാന്‍ വായനക്കാരുടെ നീണ്ട നിര തന്നെ ഉണ്ടായിരുന്നു . ബഹ്റൈന്‍ അന്താരാഷ്ട്ര പുസ്തകമേള 29 നു അവസാനിക്കും. ഇന്ന് വൈകീട്ട് സാഹിത്യകാരന്‍ സുബാഷ് ചന്ദ്രന്‍ മേളയില്‍ സംസാരിക്കും. വരും ദിവസങ്ങളിൽ സ്വാമി അഗ്നിവേശ്, CPM ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അടക്കമുള്ള സാമൂഹിക സാഹിത്യ സാംസ്കാരിക രാഷ്ട്രീയ പ്രമുഖർ പുസ്തകോത്സവത്തിനായി ബഹ്റൈനിലെത്തും.

 

Interactive session with Rajdeep sardesai- LIVE@BKS