ബി.കെ.എസ് പുസ്തകോത്സവം; പൊതു പരിപാടികൾ മാറ്റിവെച്ചു, പുസ്തക വിൽപന ഫെബ്രുവരി 28 വരെ തുടരും

മനാമ: ബഹ്റൈനിൽ കൊറോണ വൈറസ്സ് മുന്നറിയിപ്പ് ഉണ്ടായതിനെ തുടർന്ന് അന്താരാഷ്ട്ര പുസ്തകമേളയുടെ ഭാഗമായി ബഹ്റൈൻ കേരളീയ സമാജത്തിൽ നടന്നു വന്നിരുന്ന എല്ലാ പൊതുപരിപാടികളും ഇൻ്ററാക്ടീവ് സെഷനുകളും മാറ്റിവെച്ചതായി പ്രസിഡൻ്റ് പി വി രാധാകൃഷ്ണപിള്ള, സെക്രട്ടറി വർഗീസ് കാരക്കൽ, സാഹിത്യ വിഭാഗം സെക്രട്ടറി ഫിറോസ് തിരുവത്ര എന്നിവർ അറിയിച്ചു. പുസ്തക പ്രദർശനവും വിൽപനയും സാധാരണ രീതിയിൽ ഫെബ്രുവരി 28 വരെ തുടരും. രാവിലെ 11 മണി മുതൽ രാത്രി 10 മണി വരെ പുസ്തകം വാങ്ങാനായി കൗണ്ടറുകൾ തുറന്നു പ്രവർത്തിക്കും. കലാ സാംസ്കാരിക മുഖാമുഖ പരിപാടികളിൽ മാത്രമാണ് മാറ്റം.

കൊറോണ വൈറസ് ബാധ 26 പേരിൽ സ്ഥിരീകരിച്ച സാഹചര്യത്തിൽ ആരോഗ്യ വകുപ്പിൻ്റെ നിർദേശങ്ങൾക്കനുസൃതമായി കൈക്കൊണ്ട ജാഗ്രതയുടെ ഭാഗമായാണ് തീരുമാനം.