മനാമ: അസുഖ ബാധിതനായി ദുരിത ജീവിതം നയിച്ച പ്രവാസിക്ക് ശിഷ്ട ജീവിതം നയിക്കാൻ സ്വന്തം നാട്ടിലെത്തണമെന്ന മോഹം സഫലമായി. സോഷ്യൽ വെൽഫെയർ അസോസിയേഷന്റെ ജന സേവന വിഭാഗമായ വെൽകെയറിൻ്റെ ഇടപെടലാണ് ജിദ് ഹഫ്സിൽ താമസിച്ചിരുന്ന 60 വയസ്സ് കഴിഞ്ഞ തൃശൂർ ചേറ്റുവ സ്വദേശി ഇബ്രാഹിം എന്ന ഹോട്ടൽ തൊഴിലാളിക്ക് നാട്ടിലേക്ക് പോകാൻ തുണയായത്.
ഇദ്ദേഹം ശാരീരികമായ രോഗ പീഡകളാൽ ബുദ്ധിമുട്ടുന്ന വിവരം ലഭിച്ചപ്പോൾ തന്നെ സോഷ്യല്‍ വെൽഫെയർ പ്രസിഡന്‍റ് ബദറുദ്ദീൻ പൂവാർ, വെൽകെയർ കോഡിനേറ്റർ മജീദ് തണൽ, ഇൽയാസ് എന്നിവർ ഇദ്ദേഹത്തെ സന്ദർശിച്ചു. വിവിധ അസുഖങ്ങൾ മൂലം ജോലി ചെയ്യാൻ സാധിക്കാതെ മാസങ്ങളായി ചില മനുഷ്യസ്നേഹികളുടെ കാരുണ്യത്തിൽ കഴിയുകയായിരുന്നു ഇബ്രാഹിം. അവർ ഒരുക്കിക്കൊടുത്ത സ്ഥലത്ത് താമസിച്ച ഇദ്ദേഹത്തിന് അവരുടെ സഹായത്താലാണ് ഭക്ഷണവും ലഭിച്ചത്. നാട്ടിലേക്ക് പോകാനായി കൈവശം പാസ്പോർട്ടോ അതിന്റെ കോപ്പിയോ ഇല്ലാത്ത അവസ്ഥയിലായിരുന്നു ഇബ്രാഹിം. എട്ട് മാസമായി വിസ കാലാവധി കഴിഞ്ഞ അദ്ദേഹത്തിന് നാട്ടിലെ കുടുംബവുമായുള്ള ബന്ധവും കുറെക്കാലമായി ഇല്ലായിരുന്നു .
കരൾ സംബന്ധമായ രോഗങ്ങളാൽ ഒട്ടേറെ ശാരീരിക അവശതകൾ അനുഭവിച്ച ഈ പ്രവാസിക്ക് പാസ്പോർട്ടിന് പകരമായി ഇന്ത്യൻ എംബസിയിൽ നിന്നും വെൽകെയർ പ്രവർത്തകർ ഒൗട്ട് പാസ് സംഘടിപ്പിച്ചു. നേരത്തെ ജോലി ചെയ്ത സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് ചെറിയ കേസുകളുണ്ടായിരുന്നത് ഒഴിവാക്കുന്നതിന് കടയുടമയെയും സ്പോൺസറെയും കണ്ട് സംസാരിച്ചു. അദ്ദേഹത്തിന്റെ അവസ്ഥ ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ അവരും മാനുഷികമായ എല്ലാ സഹകരണവും നൽകി. മുഴുവൻ രേഖകളും ശരിയാക്കി അദ്ദേഹത്തെ കഴിഞ്ഞ ദിവസം നാട്ടിലെത്തിക്കാൻ സാധിച്ചതിൽ ചാരിതാർത്ഥ്യമുണ്ടെന്ന് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ നേതൃത്വം നൽകിയ വെൽകെയർ കോഡിനേറ്റർ മജീദ് തണൽ പറഞ്ഞു. ഇബ്രാഹിമിനെ നാട്ടിലയക്കുന്നതിന് മഠത്തിൽ മൂസ, ഷിഹാബ് തുടങ്ങി സമൂഹത്തിന്‍റെ പല കോണുകളിൽ നിന്നും ലഭിച്ച സഹായ സഹകരണങ്ങൾക്ക് ‘വെൽകെയർ’ പ്രതിനിധികൾ നന്ദി അറിയിച്ചു.