ബഹ്‌റൈനില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന കൊറോണാ കേസുകളെല്ലാം പുറംനാട്ടില്‍ നിന്നും എത്തിയവരില്‍; ഡോ. മനാഫ് ഖഹ്ത്വാനി

മനാമ: ബഹ്‌റൈനില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന കൊറോണാ കേസുകളെല്ലാം പുറംനാട്ടില്‍ നിന്നും എത്തിയവരിലാണെന്ന് ടാസ്‌ക് ഫോഴ്‌സ് തലവന്‍ ഡോ. മനാഫ് ഖഹ്ത്വാനി. ബഹ്‌റൈനില്‍ നിന്ന് രോഗം പടര്‍ന്ന കേസുകളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്ത എല്ലാ കേസുകളെല്ലാം വിമാനത്താവളങ്ങളിലോ രാജ്യാതിര്‍ത്തിയിലോ നടത്തിയ പരിശോധനയിലൂടെയാണെന്നും അദ്ദേഹം വ്യക്തമാക്കി.

അവസാനമായി ഒരു ബഹ്‌റൈനി പുരുഷനും ഒരു സ്ത്രീയും രോഗമുക്തി നേടിയിട്ടുണ്ട്. ഇരുവരും ആശുപത്രി വിട്ടതായും ഡോ. മനാഫ് വ്യക്തമാക്കി. വളരെ കാര്യക്ഷമമായ രീതിയിലാണ് രാജ്യത്ത് കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. ബഹ്‌റൈനിലെ ഏറ്റവും മികച്ച മെഡിക്കല്‍ സംഘമാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

നേരത്തെ ബഹ്‌റൈന്‍ നടത്തുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച് ലോകാരോഗ്യ സംഘടന രംഗത്ത് വന്നിരുന്നു. മറ്റു രാജ്യങ്ങള്‍ക്ക് മാതൃകയാവുന്ന പ്രവര്‍ത്തനമാണ് ബഹ്‌റൈന്റെതെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞിരുന്നു.