ആർ.എസ്.സി ദേശീയ സാഹിത്യോത്സവിന് സമാപനം: മുഹറഖ് സെൻട്രൽ ചാമ്പ്യൻമാർ

മനാമ: പ്രവാസി മലയാളികളുടെ സർഗാത്മകതയുടെ പങ്ക് വെപ്പ്കൾക്ക് വിശാലമായ അവസരമൊരുക്കി കഴിഞ്ഞ നവംബറിൽ ആരംഭിച്ച ആർ.എസ്.സി. സാഹിത്യോത്സവ് ഇന്ത്യൻ സ്കൂൾ കാമ്പസിൽ നടന്ന ദേശീയ തല മത്സരത്തോടെ സമാപിച്ചു. മനാമ, മുഹറഖ്, റിഫ എന്നീ സെൻട്രലുകളിൽ നിന്നായി തിരെഞ്ഞെടുക്കപ്പെട്ട കലാപ്രതിഭകൾ 6 വിഭാഗങ്ങളിലായി മാറ്റുരച്ച പത്താമത് ദേശീയ സാഹിത്യോത്സവ് ഐ.സി.എഫ്. നാഷനൽ അഡ്മിൻ പ്രസിഡണ്ട് വി.പി.കെ. അബൂബക്കർ ഹാജി ഉദ്ഘാടനം ചെയ്തു. അബ്ദുൾ സലാം മുസ്ല്യാർ കോട്ടക്കൽ, സി.എച്ച്. അശ്റഫ് , ഷാഫി വെളിയങ്കോട്, നസീർ പയ്യോളി , റഫീക്ക് മാസ്റ്റർ നരിപ്പറ്റ , നജ്മുദ്ദീൻ പഴമള്ളൂർ സംബന്ധിച്ചു.


പ്രൈമറി വിഭാഗം മുതൽ ജനറൽ തലം വരെ യുള്ള മത്സരാർത്ഥികൾക്കായി ഖവാലി, മാപ്പിളപ്പാട്ട് ,മാലപ്പാട്ട്, ബുർദ , കവിതാപാരായണം, കഥ പറയൽ ,കൊളാഷ് , സ്പോട് മാഗസിൻ തുടങ്ങി 85 ഇനങ്ങളിലായി പുരുഷൻമാർക്കും വനിതകൾക്കും നടത്തിയ മത്സരത്തിൽ 430 പോയിന്റ് നേടി മുഹറഖ് സെൻട്രൽ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയപ്പോൾ മനാമ , റിഫ സെൻട്രലുകൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയെടുത്തു.

വൈകീട്ട് നടന്ന സമാപന സമ്മേളനം ആർ.എസ്.സി നാഷനൽ ചെയർമാൻ അബ്ദുറഹീം സഖാഫിയുടെ അദ്ധ്യക്ഷതയിൽ പ്രമുഖ സാമൂഹിക പ്രവർത്തകൻ ഫിറോസ് തിരുവത്ര ഉദ്ഘാടനം ചെയ്തു . മുഖ്യാതിഥി യും പ്രവാസി രിസാല എക്സിക്യൂട്ടീവ് എഡിറ്റുമായ ടി..എ. അലി അക്ബർ മുഖ്യ പ്രഭാഷണം നടത്തി. വിജയികൾക്ക് മമ്മൂട്ടി മുസ്ല്യാർ വയനാട്, വി.പി.കെ. അബൂബക്കർ ഹാജി, നിസാർ സഖാഫി, നാസർ ഫൈസി അബ്ദുസ്സമദ് കാക്കടവ്, സുബൈർ മാസ്റ്റർ തുടങ്ങിയവർ ട്രോഫികളും സമ്മാനങ്ങളും വിതരണം ചെയ്തു. ഷംസുദ്ദീൻ സഖാഫി, അബ്ദുറഹീം മുസല്യാർ അത്തിപ്പറ്റ, സി.എച്ച് അശ്റഫ് ,നസീർ പയ്യോളി, വി.പി.കെ. മുഹമ്മദ്, ഫൈസൽ കൊല്ലം,, ഷഹീൻ അഴിയൂർ, ബഷീർ മാസ്റ്റർ ക്ലാരി, നവാസ് പാവണ്ടൂർ പ്രസംഗിച്ചു. കലാലയം കൺവീനർ ഫൈസൽ ചെറുവണ്ണൂർ സ്വാഗതവും അബ്ദുള്ള രണ്ടത്താണി നന്ദിയും പറഞ്ഞു.