മനാമ: കോവിഡ്-19ന്റെ പശ്ചാത്തലത്തില്‍ വീട്ടുനിരീക്ഷണം ലംഘിച്ച മൂന്നു പേര്‍ക്ക് ശിക്ഷ വിധിച്ചു. നാലാം ക്രിമിനല്‍ കോടതിയാണ് ശിക്ഷ വിധിച്ചു. മൂന്ന് പ്രതികള്‍ക്കും 1000 ദീനാര്‍ വീതം പിഴയടക്കാനാണ് വിധി. നേരേത്തേ 2000 ദീനാര്‍ പിഴ വിധിച്ചിരുന്നയാളുടെ റിവിഷന്‍ ഹരജി റിവിഷന്‍ കോടതി തള്ളിയിരുന്നു. കോവിഡ് പ്രതിരോധ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കുമെന്ന് നേരത്തെ ബഹ്റൈന്‍ ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു.
കോവിഡ് പ്രതിരോധ നിര്‍ദേശങ്ങളുടെ ഭാഗമായി മൂന്ന് പേരോടും വീട്ടുനിരീക്ഷണത്തില്‍ കഴിയാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ മൂവരും നിരീക്ഷണത്തില്‍ കഴിയാനുള്ള നിര്‍ദേശങ്ങള്‍ ലംഘിച്ച് പുറത്തിറങ്ങി. പിന്നാലെ പോലീസ് പിടികൂടുകയായിരുന്നു. മഹാമാരിയെ തുരത്താന്‍ ജനങ്ങള്‍ എല്ലാവരും മന്ത്രാലയത്തിന്റെ നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് അധികൃതര്‍ ഓര്‍മ്മപ്പെടുത്തി.