മനാമ: കോവിഡ് കാലത്ത് ബഹ്റൈനിലെ പ്രവാസി സമൂഹം അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്ന പ്രയാസങ്ങളെക്കുറിച്ചും ആശങ്കകളെക്കുറിച്ചും കെഎംസിസി ജനറല്‍ സെക്രട്ടറി അസൈനാര്‍ കളത്തിങ്കലും ട്രഷറര്‍ റസാഖ് മൂഴിക്കലും ഇന്ത്യന്‍ എംബസി ചാര്‍ജ് ഡി അഫയേഴ്‌സ് നോര്‍ബു നേഗിയുമായി കൂടിക്കാഴ്ച്ച നടത്തി. പ്രവാസികള്‍ നേരിടുന്ന പ്രധാന വിഷയങ്ങളായ ശമ്പളം ലഭിക്കാത്ത സാഹചര്യം, ഭക്ഷണത്തിനായി ബുദ്ധിമുട്ടുന്ന വിഷയം, ലോണ്‍ എടുത്തവരുടെ തിരിച്ചടവുമായി ബന്ധപ്പെട്ട് കാലാവധി നീട്ടി നല്‍കാനുള്ള ഇടപെടല്‍, കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യക്കാര്‍ക്ക് പ്രത്യേകമായി എംബസിയുടെ മേല്‍നോട്ടത്തില്‍ ക്വാറന്റീന്‍ സംവിധാനം , കോവിഡ് പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്ന സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് മാസ്‌ക്ക്, ഗ്ലൗസ് ഉള്‍പ്പടെ സുരക്ഷാ ഉപകരണങ്ങളുടെ ലഭ്യത, വിമാന സര്‍വ്വീസ് ആരംഭിക്കുന്ന മുറക്ക് പ്രവാസികളെ നാട്ടിലെത്തിക്കാന്‍ വേണ്ട കാര്യങ്ങള്‍, രോഗികള്‍ക്കുള്ള മരുന്നിന്റെ ലഭ്യത കുറവ്, ശമ്പളം ലഭിക്കാത്തത് മൂലം ഉയര്‍ന്ന വിലയുടെ മരുന്ന് വാങ്ങാനുള്ള പ്രയാസം എന്നിങ്ങനെയുള്ള വിവിധ ആശങ്കകള്‍ അദ്ദേഹത്തെ അറിയിച്ചു.
കോവിഡ് പ്രവര്‍ത്തനങ്ങളില്‍ കെഎംസിസി ചെയ്തു വരുന്ന പ്രവര്‍ത്തനങ്ങളെ അദ്ദേഹം ശ്രദ്ധാപൂര്‍വ്വം കേള്‍ക്കുകയും കാരുണ്യ പ്രവര്‍ത്തനങ്ങളെയും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെയും മുക്തകണ്ഠം പ്രശംസിക്കുകയും ചെയ്തു. എല്ലാ കാര്യങ്ങളിലും അനുഭാവപൂര്‍വ്വമായ സമീപനമായിരുന്നു അദ്ദേഹത്തില്‍ നിന്നുമുണ്ടായതെന്ന് കെ.എം.സി.സി അിറിയിച്ചു.
ഭക്ഷണത്തിനു ബുദ്ധിമുട്ടുന്നവരുടെ കാര്യത്തില്‍ ഉടനെത്തന്നെ പരിഹാരം കാണുമെന്നും ഭക്ഷണത്തിന് ആവശ്യമുള്ളവര്‍ സി പി ആര്‍ നമ്പര്‍ സഹിതം പേര് വിവരങ്ങള്‍ നല്‍കിയാല്‍ സന്നദ്ധദ്ദ സംഘടനകള്‍ വഴി വിതരണം ചെയ്യുമെന്നും വിമാന യാത്ര ആരംഭിക്കുന്ന മുറക്ക് രോഗികള്‍, പ്രായം ചെന്നവര്‍, ഗര്‍ഭിണികള്‍, കുട്ടികളുള്ളവര്‍, ജോലി ഇല്ലാത്തവര്‍ എന്നിങ്ങനെ മുന്‍ഗണനാടിസ്ഥാനത്തില്‍ നാട്ടിലെത്തിക്കാന്‍ ആവശ്യമായ രേഖകള്‍ തയ്യാറാക്കാന്‍ അടുത്തു ദിവസം തന്നെ എംബസി രജിസ്ട്രേഷന്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എംബസിയുടെ പരിധിക്കും പരിമിതികള്‍ക്കും നിയമത്തിനുമിടക്ക് നിന്നുകൊണ്ട് ഉന്നയിച്ച വിഷയങ്ങള്‍ പരിഗണിക്കുമെന്നും അറിയിച്ച നേഗിക്ക് ഹൃദ്യമായ നന്ദി രേഖപ്പെടുത്തുന്നതായും ബഹ്റൈന്‍ കെ എം സി സി സംസ്ഥാന കമ്മിറ്റി വാര്‍ത്ത കുറിപ്പിലൂടെ അറിയിച്ചു.