മനാമ: ബഹ്‌റൈനില്‍ പെരുന്നാള്‍ നമസ്‌കാരങ്ങള്‍ ഓണ്‍ലൈനിലൂടെ പ്രക്ഷേപണം ചെയ്യും. അല്‍ ഫാത്തിഹ് പള്ളിയില്‍ നടക്കുന്ന ചടങ്ങുകളായിരിക്കും ഓണ്‍ലൈനിലൂടെ പ്രക്ഷേപണം ചെയ്യുക. അല്‍ ഫാത്തിഹ് പള്ളിയില്‍ നടക്കുന്ന ഈദുല്‍ ഫിത്തര്‍ നിസ്‌കാരത്തില്‍ ഇമാമിനൊടപ്പം വളരെ കുറച്ചു പേര്‍ മാത്രമായിരിക്കും പങ്കെടുക്കുക. കോവിഡ്-19 ന്റെ വ്യാപനം തടയുന്നതുമായി ബന്ധപ്പെട്ടാണ് നിയന്ത്രണമെന്ന് മിനിസ്ട്രി ഓഫ് ജസ്റ്റിസ് ആന്റ് ഇസ്ലാമിക് അഫഴേയ്‌സ് അറിയിച്ചു. റേഡിയോയിലുടെയും ടെലിവിഷനിലോടെയും ചടങ്ങുകള്‍ പ്രക്ഷേപണം ചെയ്യുമെന്നും മന്ത്രാലയം വ്യക്തമാക്കി.
പെരുന്നാള്‍ നിസ്‌കാര ചടങ്ങുകള്‍ നടത്താന്‍ മറ്റുള്ള പള്ളികള്‍ക്ക് അനുവാദമില്ല. എന്നാല്‍ അതത് പള്ളികളിലെ ഇമാമുകള്‍ക്ക് തക്ബീര്‍ വിളിക്കാന്‍ അനുമതിയുണ്ടാകും. പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ബഹ്‌റൈന്‍ ഭരണാധികാരി ഹിസ് മജസ്റ്റി കിംഗ് ഹമദ് ബിന്‍ ഇസ അല്‍ ഖലീഫയാണ് പുതിയ നിര്‍ദേശങ്ങള്‍ നല്‍കിയിരിക്കുന്നത്. നേരത്തെ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബഹ്‌റൈനിലെ പള്ളികള്‍ അടച്ചിരുന്നു.