കൊച്ചി: മാസപ്പിറവി കണ്ടതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വരാത്തതിനാല്‍ കേരളത്തില്‍ ചെറിയ പെരുന്നാള്‍ ഞായറാഴ്ച്ച ആഘോഷിക്കും. ഖാസിമാരായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്ല്യാര്‍, അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ല്യാര്‍, വിസ്ഡം ഹിലാല്‍ വിങ് ചെയര്‍മാന്‍ കെ. അബൂബക്കര്‍ സലഫി, കോഴിക്കോട് ഖാസിമാരായ മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി പാണക്കാട് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍, ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് ചേലക്കുളം കെ.എം. മുഹമ്മദ് അബുല്‍ ബുഷ്‌റാ മൗലവി, കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി എന്നിവരാണ് ചെറിയ പെരുന്നാള്‍ ഞായറാഴ്ച്ച ആഘോഷിക്കുമെന്ന് അറിയിച്ചിരിക്കുന്നത്.
ഇതോടെ വിശ്വാസികള്‍ക്ക് ഈ വര്‍ഷം 30 നോമ്പും പൂര്‍ത്തിയാക്കാനാവും. ചെറിയ പെരുന്നാള്‍ ഞായറാഴ്ച്ചയാണെങ്കില്‍ കേരളത്തിലെ പൂര്‍ണ ലോക്ഡൗണിന് ഇളവുകള്‍ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു. കോവിഡ്-19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തവണ പെരുന്നാള്‍ പ്രാര്‍ത്ഥനകള്‍ പള്ളികളില്‍ നിന്ന് നിര്‍വ്വഹിക്കാന്‍ അനുവാദമില്ല.