bahrainvartha-official-logo
Search
Close this search box.

റമദാനില്‍ പ്രതിദിനം ആയിരത്തിലേറെ പേര്‍ക്ക് ഇഫ്താര്‍ കിറ്റുകളെത്തിച്ച നിര്‍വൃതിയില്‍ ‘സമസ്ത ബഹ്റൈന്‍’ പെരുന്നാളാഘോഷം

BAHRAIN SKSSF VIQAYA TEAM

>>സമസ്തയോടൊപ്പം ഒരു മാസം കര്‍മ്മനിരതരായി എസ്.കെ.എസ്.എസ്.എഫ് ‘വിഖായ’ ടീം

മനാമ: റമദാന്‍ 30 ദിവസവും ആയിരക്കണക്കിന് പ്രവാസികള്‍ക്ക് ഇഫ്താര്‍ വിരുന്നൂട്ടിയ നിര്‍വൃതിയോടെയാണ് സമസ്ത ബഹ്റൈന്‍ ഇന്ന് ഈദുല്‍ ഫിത്വര്‍ ആഘോഷിക്കുന്നത്.

ബഹ്റൈന്‍ തലസ്ഥാന നഗരിയായ മനാമയിലെ ഗോള്‍ഡ്സിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന സമസ്ത ബഹ്റൈന്‍ കേന്ദ്ര മദ്റസയായ മനാമ ഇര്‍ഷാദുല്‍ മുസ് ലിമീന്‍ മദ്റസയു‍ടെ നേതൃത്വത്തിലാണ് ബഹ്റൈനില്‍ വിവിധ ഏരിയകളിലായി ആയിരക്കണക്കിന് പേര്‍ക്ക് സംഘാടകര്‍ ഇഫ്താര്‍ കിറ്റുകള്‍ എത്തിച്ച് നല്‍കിയത്.

റമദാന്‍റെ തുടക്കത്തില്‍ സമസ്ത ബഹ്റൈന്‍ ഓഫീസ് പരിസരത്ത് നല്‍കിയിരുന്ന കിറ്റ് വിതരണം, കോവിഡിനെ തുടര്‍ന്നുള്ള പ്രത്യേക സാഹചര്യത്തില്‍ പിന്നീട് പബ്ലിക്ക് വിതരണം ഒഴിവാക്കി പ്രവാസികളുടെ ഫ്ലാറ്റുകള്‍ തോറും എത്തിച്ചാണ് വിതരണം പൂര്‍ത്തിയാക്കിയത്.

കൂടാതെ ബഹ്റൈനിലെ ചില ഭാഗങ്ങളില്‍ ക്വാറന്‍റൈനായി പ്രവര്‍ത്തിക്കുന്ന ബില്‍ഡിംഗുകളിലെ മുഴുവനാളുകള്‍ക്കും സമസ്ത ബഹ്റൈന്‍ പ്രവര്‍ത്തകര്‍ ഇഫ്താര്‍ കിറ്റുകളെത്തിച്ച് നല്‍കിയിരുന്നു. ഇപ്രകാരം ഗുദൈബിയ, ഹൂറ, ഹമദ് ടൌൺ, മുഹറഖ്, ഉമുൽഹസ്സം തുടങ്ങി വിവിധ ഭാഗങ്ങളില്‍ സമസ്തയുടെ ഇഫ്താര്‍ കിറ്റുകളെത്തിക്കാന്‍ പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞതായി ഭാരവാഹികള്‍ അറിയിച്ചു.

നീണ്ട ഒരു മാസം മുഴുവന്‍ ബഹ്റൈനിലെ വിവിധ ഫ്ലാറ്റുകളിലേക്കും ക്വാറന്‍റീന്‍ ബില്‍ഡിംഗുകളിലേക്കും ആയിരക്കണക്കിന് കിറ്റുകളെത്തിക്കാന്‍ സമസ്തക്ക് സഹായകമായത് ബഹ്റൈന്‍ എസ്.കെ.എസ്.എസ്.എഫിന്‍റെ സന്നദ്ധ വിഭാഗമായ വിഖായ വളണ്ടിയേഴ്സിന്‍റെ സേവനമായിരുന്നു. റമദാനു ശേഷവും സമസ്തയുടെ കീഴില്‍ വിഖായയുടെ വിവിധ സേവന പ്രവര്‍ത്തനങ്ങള്‍ പ്രവാസികള്‍ക്ക് ലഭ്യമായിരിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

ബഹ്റൈനില്‍ സമസ്തയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിവരുന്ന കാപിറ്റല്‍ കമ്മ്യൂണിറ്റി സെന്‍ററിന്‍റെ മേല്‍ഘടകമായ കാപിറ്റല്‍ ഗവര്‍ണറേറ്റാണ് ഇഫ്താര്‍ കിറ്റുകളുടെ മുഖ്യ സ്പോണ്‍സര്‍മാര്‍. കൂടാതെ മലബാര്‍ ഗോള്‍ഡ്, ഫുഡ് വേള്‍ഡ്, ശിഫ അല്‍ ജസീറ തുടങ്ങിയ ബഹ്റൈനിലെ പ്രമുഖ സ്ഥാപനങ്ങളും ഈ കാരുണ്യ പ്രവര്‍ത്തനങ്ങളുമായി സഹകരിച്ചിരുന്നു.

സമസ്ത ബഹ്റൈന്‍ ഭാരവാഹികള്‍, കോ-ഓര്‍ഡിനേറ്റര്‍മാര്‍, എസ്.കെ.എസ്.എസ്.എഫ് ഭാരവാഹികള്‍ എന്നിവരുടെ നേതൃത്തിലാണ് സമസ്ത ബഹ്റൈന്‍റെ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ ബഹ്റൈനില്‍ നടന്നു വരുന്നത്. ബഹ്റൈനിലുടനീളം 15 ഏരിയകളിലായി സമസ്തയുടെ മദ്റസകളുള്‍പ്പെടെയുള്ള സേവനവും പ്രവാസികള്‍ക്ക് ലഭ്യമാണ്.

റമദാനു ശേഷവും ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളും മറ്റു സേവന പ്രവര്‍ത്തനങ്ങളുമായി സമസ്ത ബഹ്റൈന്‍ പ്രവാസികള്‍ക്കൊപ്പമുണ്ടാകുമെന്നും എല്ലാവരുടെയും സഹകരണം ഉണ്ടായിരിക്കണമെന്നും ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!