ചാര്‍ട്ടേഡ് വിമാന സര്‍വീസിനെതിരെ കൈരളി വ്യാജ പ്രചാരണം നടത്തുന്നത് സര്‍ക്കാര്‍ പിടിപ്പുകേട് മറച്ചുവെക്കാന്‍: ബഹ്റൈന്‍ കെ.എം.സി.സി

മനാമ: ഗള്‍ഫ് നാടുകളില്‍ ദുരിതത്തിലായവരെ നാട്ടിലെത്തിക്കുന്നതിന് കെ.എം.സി.സി ഏര്‍പ്പെടുത്തിയ പ്രത്യേക ചാര്‍ട്ടേഡ് വിമാന സര്‍വീസിനെതിരെ കൈരളി ടിവി വ്യാജ പ്രചാരണം നടത്തുന്നുവെന്ന് ബഹ്റൈന്‍ കെ.എം.സി.സി. കൈരളിയുടെ ഇത്തരം പ്രചാരണം സംസ്ഥാന സര്‍ക്കാരിന്റെ പിടിപ്പുകേട് മറച്ചുവയ്ക്കാനാണെന്നും രാഷ്ട്രീയ പ്രേരിതമാണെന്നും ബഹ്റൈന്‍ കെ.എം.സി.സി ആരോപിച്ചു. നേരത്തെ ഗള്‍ഫ് നാടുകളില്‍ കുടുങ്ങിയ മലയാളികളെ നാട്ടിലെത്തിക്കുന്നതിനായി കെഎംസിസി ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.

ജോലിയും വരുമാനവും നഷ്ടപ്പെട്ട് പ്രയാസത്തിലായവരെയാണ് ചാര്‍ട്ടര്‍ വിമാന സര്‍വീസിലൂടെ നാട്ടിലെത്തിക്കാന്‍ ശ്രമിക്കുന്നത്. ഞങ്ങള്‍ ഉള്‍പ്പെടെ പല കാരുണ്യ സംഘടനകളും ടിക്കറ്റിന് ഒരേ തുക ഈടാക്കിയാണ് ചാര്‍ട്ടര്‍ വിമാന സര്‍വീസ് നടത്തുന്നത്. നേരത്തെ ദുരിതത്തിലായ നിരവധി പേരെ സൗജന്യ ടിക്കറ്റുകള്‍ നല്‍കി വന്ദേഭാരത് മിഷനിലൂടെ കെ.എം.സി.സി നാട്ടിലേക്കെത്തിച്ചിട്ടുണ്ട്. വാസ്തവം ഇതായിരിക്കെ കെ.എം.സി.സിയെ മാത്രം ലക്ഷ്യംവച്ച് നടത്തുന്ന കൈരളിയുടെ ഈ വ്യാജ പ്രചാരണം മാധ്യമ ധര്‍മത്തിന്റെ ലംഘനമാണെന്നും സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്മാന്‍, ജന. സെക്രട്ടറി അസൈനാര്‍ കളത്തിങ്കളല്‍ എന്നിവര്‍ പറഞ്ഞു.

സംസ്ഥാന സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും പ്രവാസികളെ കൈയൊഴിഞ്ഞപ്പോഴാണ് ചെറിയൊരു ശതമാനം പ്രവാസികള്‍ക്കെങ്കിലും ആശ്വാസമേകുക എന്ന ലക്ഷ്യത്തോടെ കെ.എം.സി.സി അടക്കമുള്ള കാരുണ്യം സംഘടനകള്‍ ചാര്‍ട്ടേഡ് വിമാന സര്‍വീസുമായി രംഗത്തെത്തിയത്. നിലവില്‍ 200 ഓളം പ്രവാസികള്‍ക്ക് കൊവിഡ് കാരണം ജീവന്‍ നഷ്ടമായിട്ടും ഗള്‍ഫിലെ പ്രവാസികളുടെ ഭീതിതമായ സാഹചര്യം അവഗണിച്ച് അനാവശ്യ വിവാദങ്ങളുണ്ടാക്കുന്നത് പ്രവാസികളോടുള്ള ക്രൂരതയാണെന്നും കെഎംസിസി വാര്‍ത്താക്കുറിപ്പില്‍ ചൂണ്ടിക്കാണിച്ചു.

ഭരണപക്ഷ മാധ്യമത്തിന്റെ ഈ പ്രവൃത്തിയിലൂടെ സംസ്ഥാന സര്‍ക്കാരിന്റെ പ്രവാസികളോടുള്ള അവണന എത്രത്തോളമുണ്ടെന്ന് വ്യക്തമാകുന്നുണ്ട്. പ്രവാസികള്‍ക്ക് ക്വാറന്റീന്‍ സൗകര്യം ഒരുക്കുന്നതിലെയും മറ്റുമുള്ള സര്‍ക്കാര്‍ അനാസ്ഥ പുറത്തുവന്നതിലെ രോഷമാണ് ഇടതുപക്ഷ മാധ്യമങ്ങള്‍ക്കും അണികള്‍ക്കുമുള്ളത്. അതിനാലാണ് ഇത്തരത്തില്‍ അടിസ്ഥാന രഹിതമായ വാര്‍ത്തകള്‍ പടച്ചുവിടുന്നതെന്നും പ്രവാസികളുടെ ശബ്ദമായി കെ.എം.സി.സിയെന്നും മുന്നിലുണ്ടാകുമെന്നും നേതാക്കള്‍ പറഞ്ഞു.