മനാമ: തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശി സ്റ്റീഫന്‍ 27 വര്‍ഷങ്ങള്‍ നീണ്ട പ്രവാസ ജീവിതത്തിന് വിരാമമിട്ട് നാട്ടിലേക്ക് മടങ്ങുന്നു.1993ല്‍ ബഹ്റൈനിലെത്തി പ്രവാസ ജീവിതം ആരംഭിച്ച സ്റ്റീഫന്‍ അഞ്ചു വര്‍ഷത്തോളം ഒരു സ്വദേശി പൗരന്റെ കീഴില്‍ ജോലി ചെയ്തു. എന്നാല്‍ കാര്യമായ ജീവിത പുരോഗതി കൈവരിക്കാന്‍ കഴിഞ്ഞില്ലന്ന് മാത്രമല്ല തുടര്‍ച്ചയായി മാസങ്ങളോളം വേതനം ലഭിക്കാതെ വരികയും ചെയ്തതോടെ സ്റ്റീഫന്‍ അവിടുന്ന് മാറി മറ്റൊരു തൊഴിലിന് ശ്രമം ആരംഭിക്കുകയും ചെയ്തു. മറ്റൊരു തൊഴില്‍ കണ്ടെത്താനാവാതെ വലഞ്ഞ സ്റ്റീഫന്‍ നിത്യവൃത്തിക്ക് വേണ്ടി വിസയില്ലാതെ ചെറിയ ജോലികള്‍ ചെയ്തും മറ്റും ജീവിതം തള്ളിനീക്കുന്നതിനിടയിലാണ് ശരീരമാസകലം അലര്‍ജി ബാധിച്ചു രോഗത്തിന്റെ പിടിയിലാകുന്നത്.
വിസ കാലാവധി കഴിഞ്ഞു പുതിയ വിസയിലേക്ക് മാറാന്‍ കഴിഞ്ഞില്ലെങ്കിലും തന്റെ കുടുംബത്തിലെ പ്രാരാബ്ധങ്ങള്‍ ചിന്തിച്ചു കൊണ്ട് ഈ അവസ്ഥയില്‍ ഒരു മടക്കം ആഗ്രഹിക്കാത്ത സ്റ്റീഫന്‍ തനിക്കു കഴിയാവുന്ന രീതിയില്‍ ചെറിയ ചെറിയ ജോലികള്‍ ചെയ്തു വര്‍ഷങ്ങള്‍ കഴിഞ്ഞുപോയി. ശാരീരിക അവശതയും മറ്റു പ്രയാസങ്ങളും വര്‍ധിച്ചു വരുന്നതിനിടയിലാണ് തന്റെ നാട്ടുകാരനായ സതീശനെ കണ്ടുമുട്ടുന്നതും സതീശന്‍ കൂടെ താമസിപ്പിക്കുന്നതും.
സ്റ്റീഫന്റെ ദുരിത ജീവിതത്തെ കുറിച്ച് ഗള്‍ഫ് മാധ്യമം പത്രത്തില്‍ വന്ന വാര്‍ത്തയെ തുടര്‍ന്ന് ബഹ്റൈന്‍ കെ എം സി സി നേതാവ് സലാം മമ്പാട്ട് മൂല സ്റ്റീഫനുമായി ബന്ധപ്പെടുകയും കാര്യങ്ങള്‍ മനസ്സിലാക്കി ബഹ്റൈന്‍ കെ എം സി സിക്ക് മുമ്പാകെ അറിയിക്കുകയായിരുന്നു. ശേഷം മറ്റു കെ എം സി സി നേതാക്കളായ ഷാഫി പാറക്കട്ട , അഷ്റഫ് മഞ്ചേശ്വരം എന്നിവരുമായി ചേര്‍ന്ന് സ്റ്റീഫന്റെ പേരിലുള്ള എമിഗ്രേഷനിലെ പിഴയും എല്‍ എം ആര്‍ എ യുമായി ബന്ധപ്പെട്ട നിയമതടസങ്ങള്‍ നീക്കി സ്റ്റീഫന്റെ നാട്ടിലേക്കുള്ള യാത്രക്ക് അവസരമൊരുങ്ങുകയായിരുന്നു.
ഏറെ കാലത്തെ ദുരിതപൂര്‍ണ്ണമായ പ്രവാസ ജീവിതത്തിനു ശേഷം നാട്ടിലേക്ക് മടങ്ങണമെന്ന തന്റെ അതിയായ ആഗ്രഹം സ്റ്റീഫന്‍ കെ എം സി സി നേതാക്കള്‍ക്ക് മുമ്പില്‍ അറിയിച്ചതിനെ തുടര്‍ന്ന് ഇന്ന് കോഴിക്കേട്ടേക്ക് പുറപ്പെട്ട ബഹ്റൈന്‍ കെ എം സി സി യുടെ രണ്ടാമത്തെ ചാര്‍ട്ടേര്‍ഡ് ഫ്ളൈറ്റില്‍ കെ എം സി സി സൗജന്യമായി ഒരു ടിക്കറ്റ് സ്റ്റീഫന് വാഗ്ദാനം ചെയ്യുകയും ഇന്നലെ രാത്രി മുഹറഖിലെ സ്റ്റീഫന്റെ താമസ സ്ഥലത്തു നേരിട്ടെത്തിയ ബഹ്റൈന്‍ കെ എം സി സി ജനറല്‍ സെക്രട്ടറി അസൈനാര്‍ കളത്തിങ്കലും ഓര്‍ഗനൈസിംഗ് സെക്രട്ടറി കെ പി മുസ്തഫയും സ്റ്റീഫന്റെ യാത്രാരേഖകള്‍ കൈമാറുകയും ചെയ്തു. തുടര്‍ന്ന് സ്റ്റീഫനെ നാട്ടിലേക്ക് അയക്കുന്നതുമായി ബന്ധപ്പെട്ട് കെ എം സി സി യോട് സഹകരിച്ച് കൂടെ നിന്ന കൊല്ലം പ്രവാസി അസോസിയേഷന്‍ ഭാരവാഹി ജോസ്, നാട്ടുകാരായ സതീശന്‍, ജെയ്‌സണ്‍ എന്നിവര്‍ക്ക് കെഎംസിസി പ്രസിഡന്റ് ഹബീബുറഹ്മാനും ജനറല്‍ സെക്രട്ടറി അസൈനാര്‍ കളത്തിങ്കലും പ്രത്യേകം നന്ദി രേഖപ്പെടുത്തുകയും ചെയ്തു.
ശിഷ്ടകാലം നാട്ടില്‍ സഹോദരിയുടെ ഇഷ്ടപ്രകാരം സഹോദരിയുടെ കൂടെ കഴിയാനാണ് ആഗ്രഹമെന്നും ഒരിക്കലും നടക്കില്ല എന്ന് കരുതിയ തന്റെ ജന്മനാട്ടിലേക്കുള്ള മടക്കയാത്ര യാഥാര്‍ഥ്യമാക്കിയ കെ എം സി സിക്ക് സ്റ്റീഫന്‍ കടപ്പാട് അറിയിക്കുകയും ചെയ്തു.