മനാമ: ബഹ്റൈനില്‍ സ്‌കൂള്‍ ഫിസില്‍ ഇളവ് അനുവദിക്കാത്ത നടപടിക്കെതിരെ പ്രതിഷേധവുമായി രക്ഷിതാക്കള്‍. കോവിഡ്-19തിനെ തുടര്‍ന്നുള്ള പ്രശ്നങ്ങള്‍ കണക്കിലെടുത്ത് സര്‍ക്കാര്‍ മൂന്നുമാസത്തെ വൈദ്യുതി, മുനിസിപ്പല്‍ ബില്ലുകള്‍ എന്നിവയില്‍ ഇളവു നല്‍കിയിട്ടുണ്ട്. എന്നാല്‍ പുതിയ സാഹചര്യത്തില്‍ സ്‌കൂള്‍ മാനേജ്മെന്റുകള്‍ ഫീസിന്റെ കാര്യത്തില്‍ ഇളവുകള്‍ നല്‍കുന്നില്ലെന്ന് രക്ഷിതാക്കള്‍ വ്യക്തമാക്കുന്നു. നേരത്തെയും ഫീസിന്റെ കാര്യത്തില്‍ ഇളവുകള്‍ നല്‍കാത്ത സ്‌കൂളുകള്‍ക്കെതിരെ രക്ഷിതാക്കള്‍ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു.
കോവിഡിനെ തുടര്‍ന്ന് ജോലി നഷ്ടപ്പെട്ട രക്ഷിതാക്കള്‍ ട്യൂഷന്‍ ഫീസില്‍ ഇളവ് ചോദിച്ചിട്ടും രക്ഷിതാക്കളോട് മാനേജ്മെന്റ് കരുണ കാണിക്കുന്നില്ല എന്നാണ് പ്രധാന പരാതി. കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠന ആവശ്യങ്ങള്‍ക്കായി ഇന്റര്‍നെറ്റ് സൗകര്യം, ലാപ്ടോപ്, ടാബ്ലറ്റ് എന്നിവയ്ക്ക് അധിക തുക മുടക്കേണ്ടി വരുന്നു എന്നും രക്ഷിതാക്കള്‍ ചൂണ്ടിക്കാണിക്കുന്നു. ഇതിനിടയിലും ചില സ്‌കൂളുകള്‍ കമ്പ്യൂട്ടര്‍ ഫീസ് എന്നപേരില്‍ ഫീസ് ഈടാക്കുന്നുണ്ട്. ട്രാന്‍സ്പോര്‍ട്ട് ഫീസ് ഒഴികെ മറ്റ് ഇളവുകള്‍ക്കൊന്നും നല്‍കാന്‍ സ്‌കൂളുകള്‍ തയാറാകുന്നില്ല എന്നും രക്ഷിതാക്കള്‍ പരാതിപ്പെട്ടു.
കോവിഡ്-19 വ്യാപനം തടയുന്നതിനാായി ആരോഗ്യ മന്ത്രാലയം പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ മിക്ക രക്ഷിതാക്കളെയും സാമ്പത്തികമായി തളര്‍ത്തിയിട്ടുണ്ട്. അടിസ്ഥാന ആവശ്യങ്ങള്‍ക്ക് പോലും പണമില്ലാതെ പല രക്ഷിതാക്കളും ബുദ്ധിമുട്ടുകയാണ്. പ്രതിസന്ധി കണക്കിലെടുത്ത് സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ ഫീസിളവ് പ്രഖ്യാപിക്കണമെന്ന് രക്ഷിതാക്കള്‍ അഭ്യര്‍ത്ഥിക്കുന്നു.