മനാമ: സ്വദേശിവൽക്കരണം മൂലം ജോലിയില്ലാതാവുകയും വരുമാനം നഷ്ടപ്പെടുകയും ചെയ്തുകൊണ്ടിരിക്കുന്ന പ്രവാസികൾക്ക് ആശ്വാസം പകരുന്നതല്ല അവതരിപ്പിക്കപ്പെട്ട ബജറ്റെന്നു സോഷ്യൽ വെൽഫെയർ അസോസിയേഷൻ. പ്രവാസികളുടെ മൃതദേഹം നോർക്ക സൗജന്യമായി നാട്ടിലെത്തിക്കുന്നത് സ്വാഗതാർഹമാണ്. എന്നാൽ പ്രവാസികളുടെ വരുമാനം മാത്രം ആശ്രയിച്ചു കഴിയുന്ന കുടുംബങ്ങളുടെയും പൊതുവെ സാധാരണക്കാരുടെയും ജീവിതം ദുസ്സഹമാക്കുന്നതാണ് എല്ലാ മേഖലകളിലുമുള്ള നികുതി വർധന. ഭരണച്ചെലവ് കുറക്കാൻ യാതൊരു നിർദ്ദേശവുമില്ലാത്ത ബജറ്റിൽ കേരളത്തിലെ അഞ്ച് ലക്ഷത്തിലധികം ഭൂരഹിത കുടുംബങ്ങളുടെ കാര്യത്തില്‍ സമ്പൂര്‍ണ മൗനമാണ്. ജനപ്രിയമെന്ന് തോന്നിപ്പിച്ച് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള തന്ത്രങ്ങളല്ല യാഥാർഥ്യ ബോധമുള്ള ബജറ്റാണ് കേരളത്തിനാവശ്യമെന്നും സോഷ്യൽ വെൽഫെയർ അസോസിയേഷൻ അഭിപ്രായപ്പെട്ടു.