bahrainvartha-official-logo
Search
Close this search box.

കരിപ്പൂര്‍ വിമാന ദുരന്തത്തില്‍ അനുശോചനം രേഖപ്പെടുത്തി ബഹ്‌റൈനിലെ വിവിധ പ്രവാസി സംഘടനകള്‍

2

മനാമ: കരിപ്പൂര്‍ വിമാന ദുരന്തത്തില്‍ അനുശോചനം രേഖപ്പെടുത്തി ബഹ്‌റൈനിലെ വിവിധ പ്രവാസി സംഘടനകള്‍. കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി, സാംസ ബഹ്‌റൈന്‍, മൈത്രി സോഷ്യല്‍ അസോസിയേഷന്‍ ബഹ്റൈന്‍, തണല്‍ ബഹ്റൈന്‍ ചാപ്റ്റര്‍, മലപ്പുറം ജില്ലാ പ്രവാസി അസോസിയേഷന്‍, പവിഴദ്വീപിലെ കോഴിക്കോട്ടുകാര്‍, ബഹ്റൈന്‍ ഒഐസിസി, കെ.എം.സി.സി ബഹ്റൈന്‍, ബഹ്‌റൈന്‍ ശൂരനാട് കൂട്ടായ്മ, ഐ സി എഫ് ബഹ്റൈൻ, ഇന്ത്യൻ സോഷ്യൽ ഫോറം, ജനത കൾചറൽ സെൻ്റർ എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി.

അപകടത്തില്‍ മരിച്ചവരുടെ കുടംബങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായി ബഹ്റൈന്‍ കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി അറിയിച്ചു. നാട്ടുകാരുടെയും അധികൃതരുടെയും സമയോചിത ഇടപെടലിലൂടെയാണ് അപകടത്തിന്റെ തോത് കുറയ്ക്കാനായത്. കൊവിഡ് കാലത്തും അകലം പാലിക്കാതെ അപകടത്തില്‍പ്പെട്ടവരെ ചേര്‍ത്തുപിടിച്ച നാട്ടുകാരെ അഭിനന്ദിക്കുന്നതായും മരിച്ചരെയും അവരുടെ കുടുംബങ്ങളെയും ഏവരും പ്രാര്‍ത്ഥനയില്‍ ഉള്‍പ്പെടുത്തണമെന്നും ബഹ്റൈന്‍ കെഎംസിസി അനുശോചന കുറിപ്പില്‍ വ്യക്തമാക്കി.

മരണപ്പെട്ട ആളുകളുടെ കുടുംബങ്ങളെ സംരക്ഷിക്കാനും, പരിക്കേറ്റ ആളുകളുടെ ചികിത്സ പൂര്‍ണ്ണമായും സൗജന്യമാക്കുവാനും വേണ്ട കാര്യങ്ങള്‍ കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തിരമായി ചെയ്യണം എന്നും ബഹ്റൈന്‍ ഒഐസിസി ദേശീയ കമ്മറ്റി ആവശ്യപ്പെട്ടു. പ്രതികൂല സാഹചര്യങ്ങളായിട്ടു പോലും , അപകടത്തില്‍പെട്ട യാത്രക്കാരെ നെഞ്ചോട് ചേര്‍ത്ത് പിടിച്ചു രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ പ്രദേശവാസികള്‍, നാട്ടുകാര്‍, അര്‍ദ്ധരാത്രിയിലും രക്തം ദാനം ചെയ്യാന്‍ കോഴിക്കോട്ടെ വിവിധ ആശുപത്രികളിലേക്ക് ഓടിയെത്തിയ സന്നദ്ധപ്രവര്‍ത്തകര്‍, എല്ലാവരും മാനവിക സ്‌നേഹത്തിന്റെ ഉദാത്ത മാതൃകകളാണെന്ന് ‘പവിഴദ്വീപിലെ കോഴിക്കോട്ടുകാര്‍’ കൂട്ടായ്മ ചൂണ്ടിക്കാണിച്ചു.

തീവ്രമായ മഴയത്തും, കോവിഡ് കണ്ടയ്ന്മെന്റ് സോണ്‍ ആയിരിന്നിട്ടു പോലും സ്വരക്ഷക്ക് പ്രാധാന്യം നല്‍കാതെ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി ലോകത്തിനു മുന്‍പില്‍ മാതൃകയായ മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിയിലെ ജനങ്ങളെന്ന് മലപ്പുറം ജില്ലാ പ്രവാസി അസോസിയേഷന്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ ദുഖങ്ങളില്‍ പങ്കു ചേരുന്നതായും അനുശോചനം രേഖപെടുത്തുന്നതായും തണല്‍ ബഹ്റൈന്‍ ചെയര്‍മാന്‍ അബ്ദുല്‍ മജീദ് തെരുവത്ത്, ജനറല്‍ സെക്രട്ടറി മുജീബ് മാഹി, പി ആര്‍ ഒ റഫീക്ക് അബ്ദുള്ള എന്നിവര്‍ പറഞ്ഞു.

കൊണ്ടോട്ടിയും വിമാനത്താവളവുമടങ്ങുന്ന പ്രദേശം കണ്ടെയിന്മെന്റ് സോണിലായിട്ടും രാത്രി കോരിച്ചൊരിയുന്ന മഴയെത്ത് ഓടിയെത്തി രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടവര്‍ക്കും, രക്തം നല്‍കി സഹായിച്ചവര്‍ക്കും നന്ദിയറിയിക്കുന്നതായി മൈത്രി സോഷ്യല്‍ അസോസിയേഷന്‍ ബഹ്റൈന്‍ പറഞ്ഞു. ദുരന്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരോടുള്ള ആദരസൂചകമായി 48 മണിക്കൂര്‍ ദുഃഖാചരണം നടത്താനും കൂടാതെ ഔദ്യോഗിക പരിപാടികള്‍ 48 മണിക്കൂറിലേക്കു നിര്‍ത്തിവയ്ക്കുന്നതായും സാംസ ബഹ്‌റൈന്‍ അറിയിച്ചു. രാത്രി കോരിച്ചൊരിയുന്ന മഴയത്ത് ഓടിയെത്തി രക്ഷാപ്രവര്‍ത്തനത്തില്‍ എര്‍പെട്ടവര്‍ക്കും രക്തം നല്‍കി സഹായിച്ചവര്‍ക്കും ബഹ്‌റൈന്‍ ശൂരനാട് കൂട്ടായ്മയും നന്ദിയറിയിച്ചു.

മരണപെട്ടവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കു ചേരുന്നതോടൊപ്പം പരിക്കേറ്റു ആശുപത്രികളിൽ കഴിയുന്നവർ എളുപ്പം സുഖം പ്രാപിക്കട്ടെ എന്നു പ്രാർത്ഥിക്കുകയും ചെയ്യുന്നു. മരണപ്പെട്ടവർക്ക് വേണ്ടി ഓഗസ്റ്റ്‌ 10നു തിങ്കളാഴ്ച രാത്രി 9 മണിക്ക് ഒരു ഓൺലൈൻ പ്രാർത്ഥനാ സദസ്സ് സംഘടിപ്പിച്ചിട്ടുണ്ടെന്ന് ഐ സി എഫ് നേതാക്കൾ പറഞ്ഞു.

കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലുണ്ടായ വിമാനാപകടത്തില്‍ ജീവന്‍ പൊലിഞ്ഞ, വിമാന ജീവനക്കാരമടക്കമുളള എല്ലാവര്‍ക്കും ഇന്ത്യൻ സോഷ്യൽ ഫോറം അഗാധമായ ദുഃഖം രേഖപ്പെടുത്തി.
മരണമടഞ്ഞവരുടെ കുടുംബാംഗങ്ങളുടെ തീരാവേദനയില്‍ പങ്കുചേരുകയും, അനുശോചിക്കുകയും
പരുക്കേറ്റ് വിവിധ ആശുപത്രികളില്‍ കഴിയുന്നവര്‍ എത്രയും വേഗം സുഖം പ്രാപിക്കാനായി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നതായി ഇന്ത്യൻ സോഷ്യൽ ഫോറം ബഹ്‌റൈൻ പ്രതിനിധികൾ അറിയിച്ചു.

കോവിഡ് പച്ഛാത്തലത്തിൽ വിമാനത്താവളം ഉൾപ്പെടുന്ന കൊണ്ടോട്ടി കണ്ടെയിൻമെൻ്റ് സോണിലായിട്ടും രാത്രി കോരിച്ചൊരിയുന്ന മഴയെത്ത് ഓടിയെത്തി രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട വർക്ക് ജനതാ കൾച്ചറൽ സെൻ്റർ ഭാരവാഹികളായ സിയാദ് ഏഴംകുളം, നജീബ് കടലായി, മനോജ് വടകര എന്നിവർ നന്ദി അറിയിച്ചു. വന്ദേ ഭാരത് മിഷൻ്റെ ഭാഗമായി വന്ന ആളുകളിൽ പലർക്കും കോവിഡ് രോഗബാധ ഉണ്ടായിരിന്നിരിക്കാം. അതു പോലും കണക്കിലെടുക്കാതെ രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെടുകയും, പരിക്കേറ്റവരെ മറ്റൊന്നും നോക്കാതെ ആശുപത്രിയിലെത്തിക്കുകയും, കുഞ്ഞുങ്ങളെ മാതാപിതാക്കളെ കണ്ടെത്തുന്നതു വരെ കരുതലോടെ സംരക്ഷിക്കുകയും ചെയ്തവർ, മണിക്കൂറുകൾക്കകം ആവശ്യത്തിന് രക്തം നൽകി സഹായിച്ച വരടക്കം കേരളത്തിൻ്റെ അഭിമാനമാണെന്നും ജനതാ കൾച്ചറൽ സെൻ്റർ അഭിപ്രായപ്പെട്ടു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!