bahrainvartha-official-logo
Search
Close this search box.

വിശുദ്ധ റമദാനിലെ ശ്രേഷ്ഠകരമായ 27ാം രാവ് ഇന്ന് (വെള്ളിയാഴ്ച); സമസ്ത ബഹ്റൈന്‍ സംഘടിപ്പിക്കുന്ന ആത്മീയ സംഗമം പുലര്‍ച്ചെ വരെ നീണ്ടു നില്‍ക്കും

ramadan22

മനാമ: വിശുദ്ധ റമദാനിലെ ശ്രേഷ്ഠകരമായ 27ാം രാവ് കേരളത്തോടൊപ്പം ഗള്‍ഫ് രാഷ്ട്രങ്ങളിലും വിവിധ ചടങ്ങുകളോടെ ഇന്ന്(വെള്ളിയാഴ്ച) ആചരിക്കും. അവസാന വെള്ളിയാഴ്ചയും ലൈലത്തുല്‍ ഖദര്‍ പ്രതീക്ഷിക്കപ്പെടുന്ന ദിനവുമായതിനാല്‍ ഇന്ന് ഗള്‍ഫ് രാജ്യങ്ങളിലെ പള്ളികള്‍ രാത്രിയും പകലും വിശ്വാസികളെ കൊണ്ടു നിറയും. വിശുദ്ധ റമദാനിന് വിടപറയുന്ന ഖുതുബയുള്‍പ്പെട്ട അവസാന വെള്ളിയാഴ്ചയായതിനാല്‍ ജുമുഅയിലും ശേഷം പള്ളിയില്‍ നടക്കുന്ന വിവിധ ചടങ്ങുകളിലും വിശ്വാസികള്‍ നിറഞ്ഞൊഴുകും. രാത്രിയും പകലുമായി കൂടുതല്‍ സമയം ഇഅ്തികാഫില്‍ ചിലവഴിക്കാനും വിശ്വാസികള്‍ എത്തും.

ഇന്ന് വൈകിട്ട് ഇഫ്താറിനോടനുബന്ധിച്ചും രാത്രിയും തറാവീഹിനു ശേഷവുമായി നിരവധി സ്ഥലങ്ങളില്‍ പ്രത്യേക പരിപാടികള്‍ നടക്കും. വിവിധ രാഷ്ട്രങ്ങളിലെ മത കാര്യ മന്ത്രാലയങ്ങളും പ്രവാസി മത സംഘടനകളും പ്രത്യേക ചടങ്ങുകള്‍ സംഘടിപ്പിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ബഹ്റൈനില്‍ രാജ്യത്തെ പ്രധാന പള്ളിയായ അല്‍ ഫാതിഹ് ഗ്രാന്‍റ് മോസ്കിലാണ്പ്രധാനമായും ഔദ്യോഗിക പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്. ബഹ്റൈന്‍ ഇസ്ലാമിക കാര്യ സുപ്രീം കൗണ്‍സിലും മതകാര്യ വിഭാഗവും ഔഖാഫും സംയുക്തമായി സംഘടിപ്പിക്കുന്ന ഇന്നത്തെ പരിപാടി രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫയുടെ രക്ഷാധികാരത്തിലാണ് നടക്കുന്നത്.

ഇതോടനുബന്ധിച്ച് ‘ഖുര്‍ആന്‍ അംബാസഡര്‍മാര്‍’ എന്ന പേരില്‍ നടക്കുന്ന പരിപാടിയില്‍ ബഹ്റൈനിലും അന്താരാഷ്ട്ര തലത്തിലും നടന്ന വിവിധ ഖുര്‍ആന്‍ മത്സരങ്ങളിലെ വിജയികളെ അധികൃതര്‍ ആദരിക്കും. ഈ പരിപാടി രാത്രി 9.15 മുതലാണ് ഇവിടെ നടക്കുകയെന്ന് സംഘാടകര്‍ അറിയിച്ചു. 79 പേര്‍ ചടങ്ങില്‍ പങ്കെടുത്ത് ആദരം ഏറ്റു വാങ്ങും. 6 രാഷ്ട്രങ്ങളിലായി നടന്ന 22 അന്താരാഷ്ട്രമത്സരങ്ങളിലാണ് ഇവര്‍ പങ്കെടുത്തത്. ചടങ്ങില്‍ പ്രമുഖര്‍ പങ്കെടുക്കും.

മനാമ ഗോള്‍ഡ്സിറ്റിയിലെ സമസ്ത ബഹ്റൈന്‍ കേന്ദ്ര ആസ്ഥാനത്ത് നടക്കുന്ന പതിവ് ഇഫ്താര്‍ സംഗമ ശേഷം തൊട്ടടുത്തുള്ള സമസ്ത പള്ളി എന്ന മസ്ജിദില്‍ ഹാഫിള് ശറഫുദ്ധീന്‍ മുസ്ലിയാര്‍ കണ്ണൂര്‍ നേതൃത്വം നല്‍കുന്ന തറാവീഹ് നിസ്കാരം, തസ്ബീഹ് നിസ്കാരം എന്നിവയും തൗബ, ദിക് ര്‍-ദുആ മജ് ലിസ്, പ്രഭാഷണം, സ്വലാത്ത് എന്നിവയും നടക്കും. പുലര്‍ച്ചെ വരെ നീണ്ടു നില്‍ക്കുന്ന വിവിധ പരിപാടികളുള്‍ക്കൊള്ളുന്ന ആത്മീയ സംഗമത്തിന് സമസ്ത ബഹ്റൈന്‍ പ്രസിഡന്‍റ് സയ്യിദ് ഫഖ്റുദ്ധീന്‍ കോയ തങ്ങള്‍ നേതൃത്വം നല്‍കും. സമസ്ത ബഹ്റൈന്‍ കേന്ദ്ര-ഏരിയാ നേതാക്കളും പോഷക സംഘടനാ പ്രതിനിധികളും സംബന്ധിക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!