bahrainvartha-official-logo
Search
Close this search box.

ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കുക: ബഹ്റൈന്‍ പ്രതിഭ

prathibha bahrain

മനാമ: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കണമെന്ന് ബഹ്‌റൈന്‍ പ്രതിഭ. സെക്രട്ടറി എന്‍.വി. ലിവിന്‍ കുമാര്‍ പ്രസിഡണ്ട് കെ.എം. സതീഷ് എന്നിവര്‍ സംയുക്തമായി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പ്രതിഭ ഇക്കാര്യം ആവശ്യപ്പെട്ടത്. സര്‍ക്കാരിന്റെ ജനതാല്‍പ്പര്യം മുന്‍നിര്‍ത്തിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടര്‍ച്ച ലഭിക്കാന്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കണമെന്നും പ്രതിഭ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. സ്ത്രീകള്‍ക്കും, യുവാക്കള്‍ക്കും വലിയ പ്രാതിനിധ്യം നല്‍കുന്നതാണ് ഇത്തവണത്തെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സ്ഥാനാര്‍ഥി പട്ടിക എന്നത് അഭിമാനാര്‍ഹവും, അഭിനന്ദനാര്‍ഹവുമാണെന്നും പ്രതിഭ പറഞ്ഞു.

പ്രതിഭയുടെ വാര്‍ത്താക്കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം.

വരുന്ന ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കേരളത്തിന്റെ എല്ലാ മേഖലകളിലും മികച്ച മുന്നേറ്റമുണ്ടാക്കാന്‍ സാധിച്ച ഇടത് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ കരുത്തു പകരുന്നതിനും കേരളത്തിന്റെ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള മുന്നേറ്റത്തിന് വേഗം കൂട്ടുന്നതിനും ഇടതുപക്ഷ സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമാണ്. സമാനതകളില്ലാത്ത ഭരണനേട്ടങ്ങളാണ് പ്രളയവും, മഹാമാരികളും ഉള്‍പ്പെടെയുള്ള വെല്ലുവിളികളെ നേരിട്ട് കൊണ്ടും നമുക്ക് നേടിയെടുക്കാന്‍ സാധിച്ചത്.

ആരോഗ്യമേഖലയെ ലോകത്തിന് തന്നെ മാതൃയാകുന്ന തരത്തില്‍ ഉയര്‍ത്തികൊണ്ടുവന്ന ആര്‍ദ്രം പദ്ധതി – നിപ – കോവിഡ് പ്രതിരോധ മാതൃകകള്‍ , പൊതുവിദ്യഭ്യാസ രംഗത്തെ കുതിപ്പിന് പിന്നിലെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം, കേരളമെങ്ങും പച്ചത്തുരുത്തുകള്‍ കൊണ്ട് സമ്പന്നമാക്കിയ ഹരിതകേരളം പദ്ധതി, തരിശു നിലങ്ങളെ കാര്‍ഷികവിള നിലങ്ങളാക്കിയ സുഭിക്ഷ കേരളം, ആയിരങ്ങള്‍ക്ക് പാര്‍പ്പിടമൊരുക്കിയ ലൈഫ് മിഷന്‍, സാമൂഹിക പെന്‍ഷന്‍ തുകയില്‍ കൊണ്ടുവന്ന സമാനതകളില്ലാത്ത വര്‍ദ്ധനവ്, പശ്ചാത്തല സൗകര്യ വികസനം അങ്ങനെ എല്ലാ മേഖലകളിലും പുത്തനുണര്‍വാണ് കഴിഞ്ഞ നാലരവര്‍ഷം കൊണ്ട് പ്രകടന പത്രികയിലെ 600ല്‍ 580വാഗ്ദാനങ്ങളും പൂര്‍ത്തീകരിച്ചു പ്രോഗ്രസ്സ് റിപ്പോര്‍ട്ട് ജനങ്ങള്‍ക്ക് മുന്നില്‍ വെച്ച ഇടതുഭരണത്തില്‍ കേരളം നേടിയത്.

ഈ മുന്നേറ്റങ്ങള്‍ തുടരേണ്ടതുണ്ട്. നാടിന്റെ ഈ മുന്നേറ്റത്തിന് തടയിടാന്‍ ആണ് അനാവശ്യ വിവാദങ്ങളിലൂടെ, വ്യാജ ആരോപണങ്ങളിലൂടെ, തങ്ങളുടെ നിയന്ത്രണത്തിലുള്ള ഏജന്‍സികളെ ഉപയോഗിച്ച് കൊണ്ട് പ്രതിപക്ഷവും കേന്ദ്ര സര്‍ക്കാരും ചെയ്യുന്നത്. കേരളത്തിലെ പ്രബുദ്ധ ജനത അത്തരം ദുഷ്ടലാക്കോടെയുള്ള പ്രചരണങ്ങളെ തള്ളിക്കളയുക തന്നെ ചെയ്യും.

സ്ത്രീകള്‍ക്കും, യുവാക്കള്‍ക്കും വലിയ പ്രാതിനിധ്യം നല്‍കുന്നതാണ് ഇത്തവണത്തെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സ്ഥാനാര്‍ഥി പട്ടിക എന്നത് അഭിമാനാര്‍ഹവും , അഭിനന്ദനാര്‍ഹവുമാണ്. നിരവധി ബഹ്റൈന്‍ പ്രതിഭ കുടുംബാംഗങ്ങള്‍ ഇക്കുറി മത്സര രംഗത്തുണ്ട്. ഭരണ നിര്‍വഹണത്തിലും, സാമൂഹികമായ മുന്നേറ്റത്തിലും രാജ്യത്തിന് തന്നെ മാതൃകയായ സംസ്ഥാന ഭരണം തുടരാന്‍ മുഴുവന്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥികളെയും വമ്പിച്ച ഭൂരിപക്ഷത്തില്‍ വിജയിപ്പിക്കാന്‍ പ്രബുദ്ധരായ മുഴുവന്‍ വോട്ടര്‍മാരും മുന്നോട്ടുവരണമെന്ന് ബഹ്റൈന്‍ പ്രതിഭ സെക്രട്ടറി എന്‍.വി. ലിവിന്‍ കുമാര്‍ പ്രസിഡണ്ട് കെ.എം. സതീഷ് എന്നിവര്‍ ആവശ്യപ്പെട്ടു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!