‘ബി അവെയര്‍’ ആപ്പില്‍ ഇനിമുതല്‍ റാപ്പിഡ് പരിശോധന ഫലം രജിസ്റ്റര്‍ ചെയ്യാം

മനാമ: ‘ബി അവെയര്‍’ ആപ്പില്‍ ഇനിമുതല്‍ റാപ്പിഡ് പരിശോധന ഫലം രജിസ്റ്റര്‍ ചെയ്യാം. ബഹ്‌റൈന്‍ ഇന്‍ഫര്‍മേഷന്‍ ആന്റ് ഇ-ഗവണ്‍മെന്റ് അതോറിറ്റി(ഐജിഎ)യാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ആപ്പ് ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ റാപ്പിഡ് പരിശോധനാ ഫലം അപ്‌ലോഡ് ചെയ്ത് സബ്മിറ്റ് ചെയ്യാനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. ഇത് പിന്നീട് ബന്ധപ്പെട്ട അതോറിറ്റികള്‍ക്ക് സമര്‍പ്പിക്കുന്നതിന് സഹായകരമാവും.

നിലവില്‍ ബഹ്‌റൈനിലെ ഫാര്‍മസികളിലുടനീളം റാപ്പിഡ് പരിശോധാ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. നേരത്തെ പിസിആര്‍ പരിശോധനാ ഫലങ്ങളായിരുന്നു ആപ്പ് വഴി ലഭ്യമാക്കിയിരുന്നത്. 15 മിനിറ്റുകള്‍ക്കുള്ളില്‍ റാപ്പിഡ് പരിശോധനാ ഫലങ്ങള്‍ ലഭ്യമാകും. എന്നാല്‍ കോവിഡ് ലക്ഷണങ്ങള്‍ ഉള്ളവര്‍ പിസിആര്‍ പരിശോധനയ്ക്ക് വിധേയമാകുന്നതാണ് ഉചിതമെന്ന് ആരോഗ്യ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു.

ബിഅവയര്‍ ആപ്പ് വഴി റാപ്പിഡ് പരിശോധനാ ഫലം രജിസ്റ്റര്‍ ചെയ്യുന്നതിനായി നിങ്ങള്‍ ചെയ്യേണ്ടത്;

1. ഇ-സര്‍വീസിനുള്ളിലെ കോവിഡ് റാപ്പിഡ് ടെസ്റ്റ് ഓപ്ഷന്‍ സെലക്ട് ചെയ്യുക.

2. ഐഡി കാര്‍ഡ് നമ്പര്‍ രേഖപ്പെടുത്തുക.

3. പരിശോധനാ ഫലത്തിന്റെ ഫോട്ടോ എടുത്ത് അപ്‌ലോഡ് ചെയ്യുക. ഫലം നെഗറ്റീവാണെങ്കിലും പോസിറ്റീവാണെങ്കിലും അപ്‌ലോഡ് ചെയ്യാവുന്നതാണ്.

4. ഫോണ്‍ നമ്പര്‍ രേഖപ്പെടുത്തിയ ശേഷം റിപ്പോര്‍ട്ട് ‘സെന്‍ഡ്’ ചെയ്യുക.