വാക്സിനേഷൻ കാമ്പയ്ന് സമ്പൂർണ പിന്തുണ പ്രഖ്യാപിച്ച് ബഹ്റൈൻ കേരളീയ സമാജം; അംഗങ്ങൾക്കും പ്രവാസി മലയാളി സമൂഹങ്ങൾക്കുമിടയിൽ പ്രചരണ പരിപാടികൾ സംഘടിപ്പിക്കും

മനാമ: ബഹ്റൈൻ കേരളീയ സമാജം ബഹറൈനിലെ കോവിഡ് വാക്സിനേഷൻ പ്രോഗ്രാമിന് സമ്പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു. ബഹ്റൈൻ ഭരണാധികാരികളുടെ നേതൃത്വത്തിൽ രാജ്യത്ത് നടന്ന് വരുന്ന കോവിഡ് മഹാമാരിക്കെതിരെയുള്ള പ്രതിരോധ വാക്സിൻ പരിപാടിയിൽ മുഴുവൻ അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും പിന്തുണ ഉറപ്പു വരുത്തുമെന്നും ഇതിനായി രണ്ടായിരത്തോളം വരുന്ന മെംബർമാർക്കും കുടുംബങ്ങൾക്കിടയിലും പൊതുവിൽ മലയാളി സമൂഹത്തിൻ്റെ ഇടയിലും വ്യാപകമായി പ്രചരണ പരിപാടികൾ സംഘടിപ്പിക്കുമെന്നും ബഹറൈൻ കേരളീയ സമാജം പ്രസിഡണ്ട് പി.വി. രാധാകൃഷ്ണപിള്ള പറഞ്ഞു.

വിദേശികളോടും പ്രത്യേകിച്ച് ഇന്ത്യക്കാരോടും കോവിഡ് മഹാമാരി കാലത്ത് ബഹറൈനിലെ ഭരണകൂടം കാണിക്കുന്ന വിശാലമനസ്ക്കതക്ക് നന്ദി സൂചകമായി കോവിഡ് വാക്സിനേഷൻ പ്രോഗ്രാമിൽ ഇന്ത്യൻ സമൂഹം സജീവമായി പങ്കെടുക്കേണ്ടതുണ്ട്. ബഹ്റൈനിലെ ഏറ്റവും പ്രധാനപ്പെട്ടതും അംഗബലമുള്ളതുമായ സോഷ്യൽ ഓർഗനൈസേഷൻ എന്ന നിലയിൽ വാക്സിൻ പ്രചരണ ദൗത്യം സമാജത്തിൻ്റെ ധാർമ്മിക ഉത്തരവാദിത്വമായി കരുതുന്നു എന്നും സമാജം പ്രസിഡണ്ട് പറഞ്ഞു.

ബഹ്റൈൻ കേരളീയ സമാജത്തിൻ്റെ മാതൃക പിൻപറ്റി ബഹറൈനിലെ മറ്റ് സംഘടനകൾ അംഗങ്ങളെയും കുടുംബാംഗങ്ങൾക്കിടയിലും വാക്സിൻ  ആവശ്യകതയെക്കുറിച്ച് അവബോധമുണ്ടാക്കണമെന്നും പി.വി. രാധാകൃഷ്ണപിള്ള അഭ്യർത്ഥിച്ചു.
കോവിഡ് പ്രതിരോധത്തിൻ്റെ ഭാഗമായി
ലോക വ്യാപകമായി നടക്കുന്ന പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വികസിപ്പിച്ച വാക്സിനുകൾ മനുഷ്യരാഷിക്ക്  ഭാവിയിലേക്ക്  ശുഭപ്രതിക്ഷ നൽകുകയാണെന്നും  കോവിഡിനെതിരെയുള്ള ഈ പോരാട്ടത്തിൽ വാക്സിൻ സ്വീകരിച്ച് കൊണ്ട്  നമ്മൾ മുന്നോട്ട് വരണമെന്നും സമാജം വാർത്തക്കുറിപ്പിൽ ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ ആവശ്യപ്പെട്ടു.