മനാമ: ബഹ്റൈൻ കേരളീയ സമാജത്തിൻ്റെ ഓണാഘോഷത്തിന് കൊടിയേറി. സാമൂഹിക സുരക്ഷ പരിഗണിച്ചും രാജ്യത്തെ കോവിഡ് പ്രോട്ടോക്കോൾ പരിധിക്കകത്തുനിന്നുമായിരിക്കും ഇത്തവണ പരിപാടികളെങ്കിലും, എക്കാലത്തെയും പോലെ കേരളത്തിലെ പ്രമുഖ കലാകാരൻമാരുടെ സാന്നിദ്ധ്യത്തിൽ ജിസിസി യിലെ തന്നെ ഏറ്റവും വലിയ ഓൺലൈൻ ഓണാഘോഷം ബഹ്‌റൈൻ കേരളീയ സമാജമാണ് സംഘടിപ്പിക്കുന്നതെന്ന് സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള പറഞ്ഞു.
ആഗസ്റ്റ് 22 ശനിയാഴ്ച വൈകീട്ട് ബഹ്‌റൈൻ സമയം 7.00 മണിക്ക്(ഇന്ത്യൻ സമയം 9.30pm ) സമാജം ഫേസ് ബുക്ക് ലൈവിൽ മലയാളത്തിലെ യുവ ഗായകരിൽ ശ്രദ്ധേയനായ കെ എസ് ഹരിശങ്കർ പാട്ടും വിശേഷങ്ങളുമായി പങ്കുചേരുന്നു. പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള ഓൺലൈൻ പ്രോഗ്രാമിൻ്റെ മോഡറേറ്ററായിരിക്കും.
തുടർന്ന് വരുന്ന ദിവസങ്ങളിൽ എം ജയചന്ദ്രൻ, ശരത്ത്, സിതാര, സിനിമാ താരം വിജയരാഘവൻ, ജയരാജ് വാര്യർ, കലേഷ്, പ്രമുഖ പാചക വിദഗ്ദ്ധൻ പഴയിടം മോഹനൻ നമ്പൂതിരി എന്നിവർ പങ്കെടുക്കുമെന്നും വിശദ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതായിരിക്കുമെന്നും സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ ,വൈസ് പ്രസിഡന്റ് ദേവദാസ് കുന്നത്ത്, ഈ വർഷത്തെ ഓണാഘോഷ പരിപാടികളുടെ ജനറൽ കൺവീനർ ദിലീഷ് കുമാർ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.