മനാമ: കൊവിഡ് മഹാമാരിയെ സമീപ ഭാവിയില്‍ ബഹ്‌റൈന്‍ തരണം ചെയ്യുമെന്ന് വൈദ്യുതി മന്ത്രി വെയ്ല്‍ ബിന്‍ നാസര്‍ അല്‍ മുബാറക്. രാജ്യത്തെ കൊവിഡ് പ്രതിരോധ വാക്‌സിന്റെ മൂന്നാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണത്തില്‍ പങ്കാളിയാകുന്നതില്‍ അഭിമാനമുണ്ടെന്നും മന്ത്രി പറഞ്ഞു. വളരെ ചുരുങ്ങിയ കാലയളവില്‍ തന്നെ പരീക്ഷണത്തിനായുള്ള സന്നദ്ധപ്രവര്‍ത്തകരുടെ എണ്ണം 7700 എന്ന ലക്ഷ്യത്തിലെത്താന്‍ സാധിച്ചു. ഇത് സ്വമേധയാ പരീക്ഷണത്തില്‍ പങ്കെടുക്കാന്‍ ബഹ്‌റൈന്‍ പൗരന്‍മാര്‍ തയ്യാറായതുകൊണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മൂന്നാം ഘട്ട പരീക്ഷണത്തില്‍ പങ്കെടുക്കുന്നതിലൂടെ മഹാമാരിയെ തുടച്ച് നീക്കാന്‍ ബഹ്‌റൈന്‍ നടത്തുന്ന പരിശ്രമങ്ങള്‍ക്ക് സംഭാവന നല്‍കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. കൂടാതെ 7700 സന്നദ്ധപ്രവര്‍ത്തകര്‍ എന്നത് ആരോഗ്യ മന്ത്രാലയത്തിന്റെ പ്രധാന നാഴികകല്ലാണെന്നും അദ്ദേഹം പറഞ്ഞു. റോയല്‍ ഹൈനസ് പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയുടെ നേതൃത്വത്തിലാണ് കൊവിഡ് പ്രതിരോധ വാക്‌സിന്റെ പരീക്ഷണങ്ങള്‍ നടക്കുന്നത്.