മനാമ: ബഹ്‌റൈനില്‍ കോവിഡ് -19 വാക്‌സിന്‍ ഉപയോഗിക്കാന്‍ അനുമതി. ആരോഗ്യ മന്ത്രി ഫഈഖ ബിന്‍ത് സഈദ് അൽ സലേഹ് ആണ് വാക്‌സിന്‍ വിതരണം സംബന്ധിച്ച സുപ്രധാന വിവരം പുറത്തുവിട്ടിരിക്കുന്നത്. അതേസമയം ആദ്യഘട്ടത്തില്‍ കോവിഡ് രോഗികളെ ചികിത്സിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് മാത്രമാണ് വാക്‌സിന്‍ നല്‍കുന്നത്. നിലവില്‍ സന്നദ്ധത അറിയിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് മാത്രമാവും വാക്‌സിന്‍ നല്‍കുകയെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.
കോവാക്‌സിന്റെ മൂന്നാംഘട്ട ക്ലിനിക്കല്‍ ട്രയല്‍ ബഹ്‌റൈനില്‍ തുടരുകയാണ്. ചൈനീസ് വാക്‌സിന്‍ കമ്പനിയുമായി ചേര്‍ന്നാണ് ഈ പരീക്ഷണം നടക്കുന്നത്. ആദ്യഘട്ടത്തില്‍ 6000 സന്നദ്ധ പ്രവര്‍ത്തകരും പിന്നീട് 1700 സന്നദ്ധ പ്രവര്‍ത്തകരും പരീക്ഷണത്തിന്റെ ഭാഗമായിട്ടുണ്ട്. ആദ്യ രണ്ട് ഘട്ടങ്ങള്‍ പൂര്‍ണമായും വിജയം കൈവരിച്ചതോടെയാണ് വാക്‌സിന്റെ മൂന്നാംഘട്ടം പരീക്ഷണം ആരംഭിക്കുന്നത്. നിലവില്‍ യുഎഇയിലെ ജി 42 കമ്പനിയുമായി സഹകരിച്ചാണ് ബഹ്‌റൈന്‍ വാക്‌സിന്‍ ലഭ്യമാക്കുന്നത്.