പാട്‌ന: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിലെ ആദ്യ വിജയം പ്രഖ്യാപിച്ചു. ആര്‍ജെഡിക്കാണ് ആദ്യവിജയം. ദര്‍ഭംഗ റൂറലില്‍ ആര്‍ജെഡിയുടെ ലളിത് യാദവ് വിജയിച്ചതായാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. നിലവിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സഖ്യം വലിയ മുന്നേറ്റമാണ് കാഴ്ച്ചവെക്കുന്നത്. എന്നാല്‍ നിര്‍ണായക സീറ്റുകളില്‍ ലീഡ് നില 1000ത്തില്‍ താഴെ മാത്രമെ ഉള്ളുവെന്നത് എന്‍ഡിഎ പാളയത്തെ ആശങ്കയിലാഴ്ത്തുന്നുണ്ട്. 42 മണ്ഡലങ്ങളില്‍ വോട്ട് വ്യത്യാസം അഞ്ഞൂറില്‍ താഴെ മാത്രമാണ്. ഏഴ് മണ്ഡലങ്ങളില്‍ വോട്ട് വ്യത്യാസം ഇരുന്നൂറില്‍ താഴെയുമാണ്.
കഴിഞ്ഞ തവണ 53 സീറ്റുണ്ടായിരുന്ന ബിജെപി ഇപ്പോള്‍ 73 ഇടത്ത് മുന്നിലെത്തിയിട്ടുണ്ട്. ഭരണത്തിന് നേതൃത്വം നല്‍കിയിരുന്ന നിതീഷ് കുമാറിനും പാര്‍ട്ടിക്കും സീറ്റുകളുടെ എണ്ണത്തില്‍ വലിയ നഷ്ടമാണുണ്ടായിരിക്കുന്നത്. കഴിഞ്ഞ തവണ 71 സീറ്റില്‍ ജയിച്ച ജെഡിയു നിലവില്‍ 47 സീറ്റില്‍ മാത്രമാണ് മുന്നേറുന്നത്. തേജസ്വി യാദവിന്റെ ആര്‍ജെഡിക്കും സീറ്റുകള്‍ നഷ്ടപ്പെടുന്ന സാഹചര്യമാണ് നിലവില്‍ക്കുന്നത്. കഴിഞ്ഞ തവണ 80 സീറ്റില്‍ ജയിച്ച ആര്‍ജെഡി 62 സീറ്റിലാണ് ലീഡ് ചെയ്യുന്നത്. മഹാസഖ്യത്തിലെ സുപ്രധാന പാര്‍ട്ടിയായ കോണ്‍ഗ്രസിന് വലിയ മുന്നേറ്റമുണ്ടാക്കാന്‍ കഴിഞ്ഞില്ല. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം 21 സീറ്റില്‍ മാത്രമാണ് കോണ്‍ഗ്രസിന് മുന്നേറാനാകുന്നത്.
അതേസമയം അപ്രതീക്ഷിത മുന്നേറ്റമാണ് ഇടതുപക്ഷം നടത്തികൊണ്ടിരിക്കുന്നത്. മത്സരിച്ച 29 ല്‍ 19 ഇടത്തും ഇടത് സ്ഥാനാര്‍ത്ഥികള്‍ വലിയ ലീഡ് നേടി മുന്നേറുകയാണ്. ഇടതുപക്ഷത്ത് സിപിഐഎംഎല്ലാണ് കൂടുതല്‍ നേട്ടം കൊയ്തിരിക്കുന്നത്. ഫലം പൂര്‍ണമായും പുറത്തുവരാന്‍ വൈകുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കുന്ന സൂചന. വോട്ടെണ്ണല്‍ മന്ദഗതിയിലാണ് പുരോഗമിക്കുന്നത്.