മനാമ: ബ്രിട്ടന് പിന്നാലെ ഫൈസർ – ബയോ എൻടെക് കോവിഡ്-19 വാക്സിന് അനുമതി നൽകുന്ന ലോകത്തിലെ രണ്ടാമത്തെ രാജ്യമായി ബഹ്റൈനും. അമേരിക്കൻ മരുന്ന് നിർമാണ കമ്പനിയായ ഫൈസറും ജർമ്മൻ കമ്പനിയായ ബയോ എൻടെക്കും ചേർന്ന് വികസിപ്പിച്ച കോവിഡ് -19 വാക്സിനാണ് ബഹ്റൈൻ അനുമതി നൽകിയത്.
വിവിധ തലങ്ങളിലെ പരിശോധനക്ക് ശേഷമാണ് നാഷണൽ ഹെൽത് റഗുലേറ്ററി അതോറിറ്റി (എൻ.എച്ച്.ആർ.എ) വാക്സിന് അനുമതി നൽകിയത്. നവംബറിൽ സിനോഫാം വാക്സിന് ബഹ്റൈൻ അനുമതി നൽകിയിരുന്നു. കോവിഡ് പ്രതിരോധ രംഗത്ത് മുൻനിരയിലുള്ള ആരോഗ്യ പ്രവർത്തകർക്കാണ് നിലവിൽ ഈ വാക്സിൻ നൽകി വരുന്നത്.
കോവിഡ് പ്രതിരോധത്തിന് ബഹ്റൈൻ സ്വീകരിക്കുന്ന നടപടികളിൽ നിർണായക ചുവടുവെപ്പാണ് ഫൈസർ/ബയോ എൻടെക്ക് വാക്സിന് നൽകിയ അനുമതിയെന്ന് എൻ.എച്ച്.ആർ.എ സി.ഇ.ഒ ഡോ. മർയം അൽ ജാലഹ്മ പറഞ്ഞു. കോവിഡ്-19 വാക്സിൻ സ്വദേശി – പ്രവാസി വ്യത്യാസമില്ലാതെ ഏവർക്കും ലഭ്യമാക്കണമെന്ന് ഹമദ് രാജാവും വ്യക്തമാക്കിയിരുന്നു.