bahrainvartha-official-logo
Search
Close this search box.

സുഗതകുമാരിയുടെ വിയോഗത്തിൽ അനുശോചനമർപ്പിച്ച് ബഹ്റൈൻ പ്രവാസലോകം

0001-14756444414_20201223_173635_0000

മനാമ: മലയാളത്തിൻ്റെ പ്രിയ കവയത്രി സുഗതകുമാരിക്ക് ആദരാഞ്ജലികളർപ്പിച്ച് ബഹ്റൈനിലെ പ്രവാസി സാമൂഹിക സാംസ്കാരിക സംഘടനകളും.

 

സുഗതകുമാരി ടീച്ചറുടെ വിയോഗം മലയാള ഭാഷക്കും സാഹിത്യത്തിനും മാത്രമല്ല  നഷ്ടമുണ്ടാക്കിയതെന്നും മറിച്ച് മണ്ണിൻ്റെയും പ്രകൃതിയുടെയും കാവലായി മാറിയ ഒരു പ്രസ്ഥാനം തന്നെയാണ് മലയാളികൾക്ക് നഷ്ടപ്പെടുന്നതെന്നും  ബഹ്റൈൻ കേളീയ സമാജത്തിൻ്റെ അനുശോചനക്കുറിപ്പിൽ പ്രസിഡണ്ട് പി.വി. രാധാകൃഷ്ണപിള്ള പറഞ്ഞു.
ആർക്കും അഭയമായിത്തീരുന്ന സുഗതകുമാരി ടീച്ചറുടെ കവിതകൾ സർഗ്ഗാത്മകതയുടെ ആവിഷ്ക്കാരത്തേക്കാൾ പ്രതിഷേധത്തിൻ്റെയും നിസ്സഹായതയുടെയും ആത്മാവിഷ്ക്കാരങ്ങളായി മാറി. ബഹ്റൈൻ കേരളീയ സമാജത്തിൻ്റെ എഴുത്തിനിരുത്തൽ ചടങ്ങിൽ മുഖ്യാതിഥി ആയി ടീച്ചർ  എത്തിയിരുന്നതായും ബഹ്റൈൻ കേരളീയ സമാജത്തിൻ്റെ സാഹിത്യ പുരസ്ക്കാരം നൽകി ടീച്ചറെ ആദരിക്കാൻ കഴിഞ്ഞതായും സമാജത്തിൻ്റെ ഏറ്റവും പ്രിയപ്പെട്ട ഗുണകാംക്ഷി ആയിരുന്നു ടീച്ചെറെന്നും  അനുശോചന സന്ദേശത്തിൽ  സമാജം പ്രസിഡണ്ട് പി.വി രാധാകൃഷ്ണപിള്ളയും ആക്ടിങ്ങ് ജനറൽ സെക്രട്ടറി വർഗ്ഗീസ് ജോർജ്ജും  പത്രക്കുറിപ്പിൽ അറിയിച്ചു.

സുഗതകുമാരിയുടെ വിയോഗത്തിൽ കെ.എം.സി.സി ബഹ്‌റൈൻ അനുശോചിച്ചു

മനാമ: കവയത്രിയും സാമൂഹിക സാംസ്‌കാരിക രംഗത്തെ സജീവ സാന്നിധ്യവുമായിരുന്ന സുഗതകുമാരിയുടെ വിയോഗത്തിൽ കെ.എം.സി.സി ബഹ്‌റൈൻ അനുശോചനം രേഖപ്പെടുത്തി. മലയാള കവിതാ രംഗത്ത് തന്റെ കയ്യൊപ്പ് ചാർത്തുന്നതോടൊപ്പം സാമൂഹിക വിഷയങ്ങളിൽ ഇടപെട്ട് പൊതുരംഗത്തും ശ്രദ്ധേയമായ വ്യക്തിത്വമായിരുന്നു സുഗതകുമാരിയുടേത്. പ്രകൃതിക്കും സ്ത്രീ സമൂഹത്തിനും നിലകൊണ്ട അവരുടെ വിയോഗം ഇന്ത്യൻ സാഹിത്യ രംഗത്തിന് തന്നെ തീരാനഷ്ടമാണ്. അവരുടെ സംഭാവനകൾ എന്നും ഇന്ത്യൻ സാഹിത്യ രംഗത്ത് ശ്രദ്ധേയമായി തന്നെ നിലകൊള്ളും. തന്റെ കവിതകളിലൂടെ ഇന്ത്യയോളം വളർന്ന കവയത്രിയായിരുന്നു സുഗതകുമാരിയെന്നും അവരുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും കെ.എം.സി.സി ബഹ്‌റൈൻ പ്രസിഡന്റ് ഹബീബ് റഹ്‌മാൻ ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്ങൽ എന്നിവർ അനുശോചന കുറിപ്പിൽ പറഞ്ഞു.


 

സുഗതകുമാരി യുടെ വിയോഗം മലയാളത്തിന് തീരാ നഷ്ടം – ഒഐസിസി

മനാമ : പ്രമുഖ സാമൂഹ്യ പ്രവർത്തകയും,കവിയും ലോകം ആദരിച്ച വ്യക്തിത്വവുമായ സുഗതകുമാരിയുടെ വിയോഗം മലയാളത്തിനെ ഇഷ്ടപെടുന്ന എല്ലാ ആളുകൾക്കും തീരാ നഷ്ടമാണെന്ന് ഒഐസിസി ദേശീയ കമ്മറ്റി അനുശോചന സന്ദേശത്തിൽ അറിയിച്ചു. ഇന്ന് കേരളത്തിൽ കാണുന്ന കുറച്ചു പച്ചപ്പ് എങ്കിലും നില നിൽക്കുന്നു എങ്കിൽ അത് സുഗതകുമാരി എന്ന മലയാളി കേരളത്തിൽ ജീവിച്ചിരുന്നു എന്നത് കൊണ്ട് മാത്രമാണ്. തന്റെ ജീവിതത്തിൽ ഇടപെട്ട എല്ലാ മേഖലകളിലും അന്തിമ വിജയം സുഗതകുമാരി നിൽക്കുന്ന ഭാഗത്തിനായിരുന്നു. അതിന് പ്രധാന കാരണം നീതിക്കും, സത്യത്തിനു വേണ്ടിയും മാത്രമായിരുന്നു ടീച്ചർ എക്കാലവും നില നിന്നത് എന്നത് കൊണ്ട് മാത്രമാണ്. രാഷ്ട്രം പത്മശ്രീ നൽകി 2006ൽ ആദരിച്ചിരുന്നു. കവിതയോടൊപ്പം തന്റെ ജീവിതത്തിൽ പ്രകൃതി സംരക്ഷണം സ്ത്രീകളുടെയും, കുട്ടികളുടെയും സംരക്ഷണത്തിനും വേണ്ടി ജീവിതം മാറ്റി വച്ച ആളായിരുന്നു സുഗതകുമാരി.സ്ത്രീകളുടെ സംരക്ഷണത്തിന് ആരംഭിച്ച അഭയ എന്ന പ്രസ്ഥാനത്തിന്റെ ആദ്യ സെക്രട്ടറി ആയി പ്രവർത്തിച്ചിരുന്നു. സുഗതകുമാരി തുടങ്ങിവച്ച പ്രകൃതി സംരക്ഷണം മുന്നോട്ട് കൊണ്ട് പോവുക എന്നുള്ളത് കേരളത്തെ സ്നേഹിക്കുന്ന ഓരോ മലയാളിയുടെയും ചുമതലയാണെന്ന് ഒഐസിസി ദേശീയ കമ്മറ്റി അഭിപ്രായപ്പെട്ടുടു .സുഗതകുമാരിയുടെ വിയോഗത്തിൽ ഒഐസിസി ദേശീയ പ്രസിഡന്റ്‌ ബിനു കുന്നന്താനം അനുശോചനം രേഖപ്പെടുത്തി

 


സുഗതകുമാരി ടീച്ചറുടെ വേർപാട് സാംസ്കാരിക,സാമൂഹികമേഖലക്ക് തീരാ നഷ്ടം: ഐവൈസിസി ബഹ്‌റൈൻ

മനാമ: പത്മശ്രീ സുഗതകുമാരി ടീച്ചറിന്റെ നിര്യാണം സമൂഹത്തിന് വലിയ നഷ്ടമാണ്. കവയത്രി എന്നതിലുപരി സാമൂഹിക പ്രവർത്തക,പരിസ്ഥിതി പ്രവർത്തക എന്നീ നിലയിലെല്ലാമുള്ള ടീച്ചറിന്റെ സേവനം വിലമതിക്കുവാൻ ആകാത്തതാണ് എന്ന് ഐവൈസിസി ദേശീയ കമ്മറ്റി അനുശോചനക്കുറിപ്പിൽ അറിയിച്ചു .മനുഷ്യരാശി ഉള്ളടത്തോളം കാലം അവരുടെ കവിതകൾ പോലെതന്നെ പ്രവർത്തനങ്ങളും ഓർമ്മിക്കപ്പെടും.പ്രകൃതിയെ ചൂഷണം ചെയ്യുന്നവർക്കെതിരെയും,മനുഷ്യരെ കാർന്നു തിന്നുന്ന ലഹരി ഉപയോഗത്തിന് എതിരെയും അവർ നടത്തിയ ഇടപെടലുകൾ മറക്കുവാൻ സാധിക്കില്ല. കവികളും സാംസ്കാരിക നായകരും തൂലിക പടവാളാക്കി അനീതിക്കെതിരെ ശബ്‌ദിക്കുമ്പോൾ തൂലികക്കൊപ്പം നേരിട്ടിറങ്ങി സമരങ്ങൾ നയിച്ച ചരിത്രമാണ് ടീച്ചറുടേത്. അശരണർക്കും ആലംബഹീനർക്കും അത്താണിയായി എപ്പോഴും ടീച്ചർ മുന്നിലുണ്ടായിരുന്നു. അവർ പകർന്നു തന്ന നേരിന്റെ നന്മയുടെ വെളിച്ചം കെടാതെ കാത്ത് സൂക്ഷിക്കേണ്ട കടമ നമ്മൾ ഓരോരുത്തരുടേയുമാണ് എന്ന് ഐവൈസിസി പ്രസിഡണ്ട് അനസ് റഹീം,ജനറൽ സെക്രട്ടറി എബിയോൺ അഗസ്റ്റിൻ,ട്രഷർ നിധീഷ് ചന്ദ്രൻ എന്നിവർ അഭിപ്രായപ്പെട്ടു.


 

സുഗതകുമാരി ടീച്ചർക്ക് മടപ്പള്ളി അലുംമ്നി ഫോറം (മാഫ്) ബഹ്റൈൻ ൻ്റെ കണ്ണീരിൽ കുതിർന്ന അന്ത്യോപചാരം

കവിതകളിലൂടെയും പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിലൂടെയും ശക്തമായ സാമൂഹ്യ ഇടപെടലുകളിലൂടെയും പതിറ്റാണ്ടുകളോളം കേരളത്തിന്റെ പൊതുമണ്ഡലത്തിൽ സജീവ സാന്നിധ്യമായിരുന്ന മലയാളത്തിൻ്റെ പ്രിയപ്പെട്ട കവയിത്രി സുഗതകുമാരി ടീച്ചർക്ക് മടപ്പള്ളി അലുംമ്നി ഫോറം “മാഫ് “ബഹ്റിൻ്റെ കണ്ണീരിൽ കുതിർന്ന അന്ത്യോപചാരം .

ആധുനിക കവിതയിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച സുഗതകുമാരി ടീച്ചർ എന്നും വിദ്യാർത്ഥികൾ ഇഷ്ട്ടപ്പെട്ടിരുന്ന കവയിത്രിയായിരുന്നു എന്ന് MAF ബഹറിൻ പ്രസിണ്ടന്റ് അനിൽ മടപ്പള്ളിയും , ജോ.സെക്രട്ടറി വിനീഷ് വിജയനും മറ്റു ഭാരവാഹികളും ഓർമ്മകൾ പങ്കു വെച്ചു.. പ്രകൃതിയെ ഇത്രയേറെ സ്നേഹിച്ചിരുന്ന ടീച്ചർ, എന്നും മലയാളത്തിന്റെ സ്വത്തായി തന്റെ ശേഷിപ്പുകൾ ബാക്കി വെച്ച് യാത്രയായി. ഒരു വിദ്യാലയത്തിന്റെ കൂട്ടായ്മയായ “MAF ബഹ്റിൻ ” ഗുരുവിന്റെ മുൻപിൽ ആദരാജ്ജലികൾ അർപ്പിക്കുന്നു!


 

പാക്ട് ബഹ്റൈൻ അനുശോചിച്ചു

ഇനിയൊരിക്കലും തിരിച്ചുവരാതിരിക്കാനായി, കാലത്തിന്റെ യവനികക്കുള്ളിലേക്ക് നടന്നു പോയ അമ്മ മനസ്‌, പ്രശസ്ത കവയിത്രി സുഗതകുമാരി. ആ ആത്മാവിന്റെ നിത്യശാന്തിക്കായി , ആ അമ്മയുടെ നിത്യസ്മരണക്കു മുൻപിൽ, ഒരു പിടി പുഷ്പങ്ങൾ അർപ്പിച്ചുകൊണ്ട്, പാലക്കാട് ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ (പാക്‌ട്)  അനുശോചനം അറിയിക്കുന്നു.


 

പ്രശസ്ത കവയത്രി സുഗതകുമാരി ടീച്ചറുടെ നിര്യാണത്തിൽ പിപ്പിൾസ് ഫോറം ബഹ്‌റൈൻ ദുഃഖവും, അനുശോചനവും രേഖപ്പെടുത്തി

മനാമ: മലയാളത്തിലെ പ്രശസ്ത കവയത്രിയും, സാമൂഹിക, പരിസ്ഥിതി പ്രവർത്തകയുമായ സുഗതകുമാരി ടീച്ചറുടെ നിര്യാണത്തിൽ പീപ്പിൾസ് ഫോറം ബഹ്‌റൈൻ ദുഃഖവും, അനുശോചനവും രേഖപ്പെടുത്തി.
പ്രകൃതി സംരക്ഷണ സമിതിയുടെ സ്ഥാപക സെക്രട്ടറിയും, കേരള സംസ്ഥാന വനിതാ കമ്മീഷൻറെ മുൻ ചെയർപേഴ്സണുമായിരുന്ന സുഗതകുമാരി ടീച്ചർ അഗതികളുടെയും, അശരണരായ സ്ത്രീകളുടേയും സംരക്ഷണത്തിനു വേണ്ടി നടത്തിയ സേവനങ്ങൾ വിലമതിക്കാനാവാത്തതാണെന്നും, പ്രകൃതിസ്നേഹികൾക്കും, അഗതികൾക്കും, അശരണരായ സ്ത്രീകൾക്കും മാതൃതുല്ല്യയായ ടീച്ചറുടെ ആത്മാവിന് നിത്യശാന്തിക്കായി പ്രാർത്ഥിക്കുന്നുവെന്നും അനുശോചനക്കുറുപ്പിൽ പീപ്പിൾസ് ഫോറം ഭാരവാഹികൾ അറിയിച്ചു.


 

സുഗതകുമാരി ടീച്ചറുടെ നിര്യാണത്തിൽ മൂഹറഖ് മലയാളി സമാജം അനുശോചിച്ചു

കവിയും പരിസ്ഥിതി പ്രവർത്തകയും സാമൂഹിക പ്രവർത്തകയും ആയിരുന്ന സുഗതകുമാരി ടീച്ചറുടെ നിര്യാണത്തിൽ മുഹറഖ് മലയാളി സമാജം അനുശോചനം രേഖപ്പെടുത്തി. സാമൂഹിക തിന്മകൾക്കും പരിസ്ഥിതി നശീകരണത്തിനെതിരെയും തൂലിക ചലിപ്പിച്ച മഹത് വ്യക്തിത്വം ആയിരുന്നു സുഗതകുമാരി. അവരുടെ നിര്യാണം കേരള നാടിന് വലിയ നഷ്ടം ആണെന്നും മൂഹറഖ് മലയാളി സമാജം ഭാരവാഹികൾ അറിയിച്ചു.


 

കവയത്രി സുഗതകുമാരി ടീച്ചർക്ക് കൊല്ലം പ്രവാസി അസോസിയേഷന്റെ ആദരാഞ്ജലികൾ

കവയത്രിയും പരിസ്ഥിതി പ്രവർത്തകയും ആയിരുന്ന  സുഗതകുമാരി ടീച്ചറുടെ നിര്യാണത്തിൽ കൊല്ലം പ്രവാസി അസോസിയേഷൻ  അനുശോചനം അറിയിച്ചു. രാത്രി മഴയിലൂടെ മലയാളികളെ തഴുകിയ ആ സ്പർശനം ഇനി ഉണ്ടാകില്ല എന്നത് നികത്താനാകാത്ത നഷ്ടം തന്നെയാണ്. സമൂഹവുമായി നിരന്തരം സംവാദങ്ങളിൽ ഏർപ്പെട്ടിരുന്ന കവയത്രി അഗതികളായ സ്ത്രീകൾക്കും മാനസിക രോഗികൾക്കും വേണ്ടി അശ്രാന്തം പരിശ്രമിച്ചിരുന്നു. എഴുത്തച്ഛൻ പുരസ്കാരം നേടിയ കവയത്രി കേരളത്തിന്റെ പ്രകൃതി സംരക്ഷണത്തിൽ മുന്നിൽ നിന്നു നയിച്ചിരുന്നു. സൈലന്റ് വാലി പ്രക്ഷോഭത്തിലെ മുഖ്യ ഊർജ്ജമായിരുന്നു സുഗതകുമാരി ടീച്ചർ. ടീച്ചറുടെ വിയോഗം  കേരളക്കരക്കു വിശിഷ്യാ മലയാള സാഹിത്യത്തിന് തീരാ നഷ്ടമായിരിക്കുകയാണെന്നു കൊല്ലം പ്രവാസി അസോസിയേഷൻ പ്രസിഡന്റ് നിസാർ കൊല്ലവും ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാറും വാർത്താ കുറിപ്പിലൂടെ അറിയിച്ചു.


 

സുഗതകുമാരിയുടെ നിര്യാണത്തിൽ ജനത കൾച്ചറൽ സെൻറർ അനുശോചിച്ചു

മനാമ: കവിതകളിലൂടെ പ്രകൃതിസം സരക്ഷണത്തിൻ്റെ മഹത്തായ സന്ദേശങ്ങൾ വരും തലമുറക്ക് കൈമാറിയ കവയിത്രിയായിരുന്നു സുഗതകുമാരി എന്ന് ജനത കൾച്ചറൽ സെൻ്റർ അഭിപ്രായപ്പെട്ടു. കലഹിക്കേണ്ടതിനോട് കലഹിച്ചും, തലോടേണ്ടതിനെ തലോടിയും, തിരുത്തേണ്ടവയെ തിരുത്തിയും, അശരണർക്ക് അത്താണിയായ എഴുത്തുകാരിയുമായിരുന്നു സുഗതകുമാരി. സൈലൻ്റ് വാലി സംരക്ഷണത്തിനും, മദ്യം, മയക്കുമരുന്ന് എന്നിവക്കെതിരെ വീട്ടുവീഴ്ചയില്ലാത്ത പോരാട്ടം നടത്തുകയും ചെയ്ത സുഗതകുമാരിയുടെ വിയോഗം മലയാളികൾക്കു് ഒരു തിരുത്തൽ ശക്തിയെ നഷ്ടമായെന്നും ജെ.സി.സി.അഭിപ്രായപ്പെട്ടു.


 

മലയാളത്തിന്റെ പ്രിയ കവയത്രി പത്മശ്രീ. സുഗതകുമാരിക്ക് ആദരാഞ്ജലികൾ.

മലയാളസാഹിത്യത്തിന്റെ തിരുനെറ്റിയിൽ വരച്ചിട്ട കാവ്യസങ്കല്പങ്ങളെ പോലെ മണ്ണിനെയും മനുഷ്യനെയും നെഞ്ചോടുചേർത്ത പ്രകൃതിസ്നേഹി. പരിസ്ഥിതിയുടെ നിലനിൽപ്പ് കൂടിയാണ് മാനവരാശിയുടെ അടിസ്ഥാനമെന്ന് തന്റെ എഴുത്തുകളിലൂടെയും, പ്രവർത്തനങ്ങളിലൂടെയും നമ്മെ ഉല്ബോധിപ്പിച്ച എഴുത്തുകാരി.

നവോധാനമൂല്യങ്ങളെ ഉയർത്തിപിടിച്ചുകൊണ്ടു സമൂഹത്തിലെ നിരവധിയായ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനായി അഹോരാത്രം പ്രയത്നിച്ചു. സാഹിത്യലോകത്ത് മലയാളത്തിന്റെ യശ്ശസുയർത്തിയ നിരവധി കൃതികൾക്ക് ജന്മം നൽകിയ ആ അതുല്യ പ്രതിഭയെ രാജ്യം നിരവധി പുരസ്‌കാരങ്ങൾ നൽകി ആദരിച്ചു.

മാതൃകാപരമായ പ്രവർത്തനങ്ങൾ ജീവിതത്തിന്റെ ഭാഗമാക്കി, മനുഷ്യവംശത്തിന്റെ ഉന്നമനത്തിനായി തന്റെ ജീവിതം ഉഴിഞ്ഞുവച്ച പ്രിയപ്പെട്ട സാഹിത്യകാരി വിടപറഞ്ഞെങ്കിലും മലയാളത്തിന്റെ പൂമുഖത്തെ ഒരു നിലവിളക്കായി എന്നെന്നും ജ്വലിച്ചു നിൽക്കും.

എക്സിക്യൂട്ടീവ് കമ്മിറ്റി
വീ കെയർ ഫൌണ്ടേഷൻ
ബഹ്‌റൈൻ


 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!