തിരുവനന്തപുരം: ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് കേരളത്തില്‍ ആറുപേര്‍ക്ക് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചർ അറിയിച്ചു. കോഴിക്കോട്-2 (ഒരു കുടുംബത്തിലെ അംഗങ്ങള്‍), ആലപ്പുഴ-2 (ഒരു കുടുംബത്തിലെ അംഗങ്ങള്‍), കണ്ണൂര്‍-1, കോട്ടയം-1 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചത്. യുകെയിൽ നിന്ന് വന്നവരിലാണ് അതിതീവ്ര വൈറസിന്‍റെ സാന്നിധ്യം കണ്ടെത്തിയിട്ടുള്ളത്. രോഗം സ്ഥിരീകരിച്ചവര്‍ ആശുപത്രിയില്‍ പ്രത്യേക നിരീക്ഷണത്തിലാണ്. ഇവരുമായി സമ്പര്‍ക്കമുള്ളവരും നീരിക്ഷണത്തിലാണെന്ന് മന്ത്രി വ്യക്തമാക്കി. ജനിതക മാറ്റം സംഭവിച്ച പുതിയ വൈറസ് ശരീരത്തില്‍ പെരുകാനുള്ള സാധ്യത വളരെ കൂടുതലാണ്. മറ്റുള്ളവരിലേക്ക് പകരാനുള്ള സാധ്യതയും വളരെ അധികമാണ്. അതിനാൽ എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി ആവശ്യപ്പെട്ടു. 29 പേരുടെ സാമ്പിളാണ് ഇത് വരെ പരിശോധനക്കായി അയച്ചത്. അതിൽ 11 പേരുടെ പരിശോധന ഫലം നെഗറ്റീവാണ്. ബാക്കിയുള്ളവരുടെ പരിശോധന ഫലം വരാനുണ്ട്. അത് നാളെയോ മറ്റോ കിട്ടുമെന്ന് മന്ത്രിവ്യക്തമാക്കി.
