ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് വാക്സിനേഷന് ഇന്ന് തുടക്കമായി. പ്രധാനമന്ത്രി നരേന്ദ്രമോദി വാക്സിനേഷൻ ഉദ്ഘാടനം ചെയ്തു. വാക്സിൻ സ്വീകരിക്കുന്നവരുമായി പ്രധാനമന്ത്രി ഓൺലൈനിൽ സംവദിച്ചു. ഇന്ന് 3006 ബൂത്തുകളിലായി മൂന്ന് ലക്ഷത്തോളം ആരോഗ്യ പ്രവർത്തകർക്കാണ് വാക്സിൻ നൽകുക. ഒരു ബൂത്തിൽ നൂറ് പേർക്ക് എന്ന കണക്കിലാണ് വാക്‌സിൻ നല്കുക. ഒന്നാമത്തെ ഡോസ് സ്വീകരിച്ച് 28 ദിവസത്തിനുശേഷം രണ്ടാമത്തെ ഡോസ് വാക്‌സിൻ സ്വീകരിക്കണം. വാക്സിൻ സ്വീകരിച്ച ശേഷം നേരിയ പനിയോ, ശരീരവേദനയോ ഉണ്ടെങ്കിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. കേരളത്തിൽ 133 കേന്ദ്രങ്ങളാണ് വാക്സിനേഷനായി സജ്ജമാക്കിയിരിക്കുന്നത്.
