മനാമ: രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ ഇന്ത്യൻ പ്രസിഡന്റ് രാം നാഥ് കോവിന്ദിന് നന്ദി അറിയിച്ചു. രണ്ട് സൗഹൃദ രാജ്യങ്ങളുടേയും, ജനങ്ങളുടേയും അഭിലാഷങ്ങൾ കൈവരിക്കുന്നതിനായി ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള പ്രസിഡന്റിന്റെ സൂക്ഷ്മതയേയും താൽപ്പര്യത്തേയും രാജാവ് അഭിനന്ദിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ചരിത്രപരവും അടുത്തതുമായ സൗഹൃദം എല്ലാ തലങ്ങളിലും തുടർച്ചയായ വളർച്ചയ്ക്ക് സാക്ഷ്യം വഹിക്കുകയാണെന്ന് രാജാവ് ഊന്നിപ്പറഞ്ഞു.
കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളും സഹകരിച്ചു പ്രവർത്തിക്കുന്നത് ബന്ധം കൂടുതൽ ശാക്തീകരിക്കും എന്ന് രാജാവ് സൂചിപ്പിച്ചു. കോവിഷീൽഡ് വാക്സിൻ ബഹ്‌റൈൻ സ്വീകരിക്കുന്നതിന് ഇന്ത്യ നടത്തിയ ശ്രമങ്ങളെ എടുത്തു പറഞ്ഞു കൊണ്ട്, ഇത് ഫാർമസ്യൂട്ടിക്കൽ വ്യവസായരംഗത്ത് ഇന്ത്യയുടെ വിലപ്പെട്ട സംഭാവനകളുടെ തെളിവാണെന്ന് രാജാവ് പറഞ്ഞു. ഇന്ത്യയുടെ ഈ താല്പര്യം ഈ മഹാമാരിയെ നേരിടാനുള്ള ആഗോള ശ്രമങ്ങളെ പിന്തുണയ്ക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
രാജാവ് ഇന്ത്യൻ പ്രസിഡന്റിന് ആയുരാരോഗ്യ സൗഖ്യങ്ങൾ നേരുകയും, ഇന്ത്യൻ ജനങ്ങൾക്ക് പുരോഗതിയും, സമൃദ്ധിയും ആശംസിക്കുകയും ചെയ്തു.
സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ ‘കോവിഷീൽഡ്’ – അസ്ട്രാസെനെക കോവിഡ് -19 വാക്സിന്റെ ആദ്യ ബാച്ച് ഇന്ന് ബഹ്‌റൈനിൽ എത്തിയിരുന്നു. ആദ്യ ബാച്ചിൽ ഒരു ലക്ഷം ഡോസുകളാണ് ഉള്ളത്.
ദേശീയ പ്രതിരോധ കുത്തിവയ്പ്പ് പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നതിനായി വാക്സിൻ എല്ലാ പൗരന്മാർക്കും പ്രവാസികൾക്കും ഒരുപോലെ ലഭ്യമാക്കും.