ന്യൂഡൽഹി: 2 മുതൽ 18 വയസു വരെ പ്രായമുള്ള കുട്ടികളിൽ കൊവിഡ് പ്രതിരോധ വാക്സിൻ പരീക്ഷണം ഉടൻ നടത്തുമെന്ന് ഭാരത് ബയോടെക് അറിയിച്ചു. ഫെബ്രുവരി അവസാനത്തോടെ ഭാരത് ബയോടെകിന്റെ കൊവാക്സിൻ പരീക്ഷണം തുടങ്ങുമെന്നും ഇതിനായുള്ള കേന്ദ്ര സർക്കാർ അനുമതി ലഭിച്ചതായും ഭാരത് ബയോടെക് പറഞ്ഞു. ആരോഗ്യപ്രവർത്തകർക്കും മുന്നണിപ്പോരാളികൾക്കും നൽകിയ ശേഷം 50 വയസ്സിന് മുകളിലുള്ളവർക്ക് വാക്‌സിൻ നല്കാനാണ് കേന്ദ്രസർക്കാർ തീരുമാനിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പുകൾക്ക് മുമ്പ് തന്നെ ഈ ഘട്ടം തുടങ്ങുമെന്നാണ് വിവരം. അതിനു ശേഷമാണ് കുട്ടികൾക്ക് വാക്സിൻ നൽകിത്തുടങ്ങുക. സംസ്ഥാനങ്ങളിൽ വാക്‌സിനായി രജിസ്റ്റർ ചെയ്തവരിൽ 50 ശതമാനം പേർ മാത്രമേ വാക്സിൻ സ്വീകരിക്കാൻ എത്തുന്നുള്ളു. ഈ സാഹചര്യത്തിൽ കഴിഞ്ഞ ദിവസം കേന്ദ്രസർക്കാർ സംസ്ഥാനങ്ങളോട് വാക്സിൻ വിതരണം വേഗത്തിലാക്കണം എന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. കുട്ടികളിലെ വാക്‌സിൻ പരീക്ഷണം രണ്ടു മാസം വരെ നീണ്ടുനിന്നേക്കാം.