ന്യൂഡൽഹി: ജീവിത ശൈലി രോഗങ്ങൾ ഉള്ളവരും കൊവിഡ് വന്ന് പോയവരും നിർബന്ധമായും വാക്സീൻ സ്വീകരിക്കണമെന്ന് ഐസിഎംആർ നിർദ്ദേശം. പ്രമേഹം, ഹൃദ്രോഗം, തുടങ്ങിയ ജീവിത ശൈലീരോഗങ്ങൾ ഉള്ളവർ നിർബന്ധമായും വാക്സീൻ സ്വീകരിക്കണം. ഇത്തരക്കാരിൽ കൊവിഡ് ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കും. അതിനാൽ ഇവർ വാക്സീൻ എടുക്കാൻ വിമുഖത കാണിക്കരുതെന്നും ആശങ്കയുള്ളവർ വിദഗ്ധ ഉപദേശം തേടിയ ശേഷം വാക്സീൻ എടുക്കണമെന്നും ഐസിഎംആർ വ്യക്തമാക്കി. കൊവിഡ് വന്ന് പോയ മൂന്നിൽ ഒരാൾക്ക് ആൻറിബോഡി രൂപപ്പെട്ടില്ലെന്ന് തെളിഞ്ഞതായി ഐസിഎംആർ പറഞ്ഞു. അതിനാൽ കൊവിഡ് വന്നുപോയവരും നിർബന്ധമായി വാക്‌സിൻ സ്വീകരിക്കണം. രാജ്യത്ത് ആരോഗ്യപ്രവർത്തകർക്കൊപ്പം മുന്നണി പ്രവർത്തകർക്കുമാണ് വാക്സീൻ നൽകി തുടങ്ങിയത്. രണ്ടാം ഘട്ട വാക്‌സിൻ വിതരണം മാർച്ച് മുതൽ ആരംഭിക്കും. 24 ദിവസത്തിനുള്ളിൽ 60 ലക്ഷം പേർ രാജ്യത്ത് വാക്സീൻ സ്വീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.