ന്യൂഡൽഹി: മഹാരാഷ്ട്രയിൽ കണ്ടെത്തിയ പുതിയ കൊറോണ വൈറസ് വകഭേദം കൂടുതല്‍ അപകടകരമാകാൻ സാധ്യതയുണ്ടെന്ന് എയിംസ് മേധാവി ഡോ. രണ്‍ദീപ് ഗുലേറിയ. നിലവിൽ പ്രതിരോധ ശേഷി നേടിയവരെയും ഈ വൈറസ് ബാധിക്കാന്‍ ഇടയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിലുള്ള വാക്‌സിനുകൾ പുതിയ കൊറോണ വൈറസിന് ഫലപ്രദമായേക്കാം. എന്നാൽ അവയുടെ കാര്യക്ഷമത കുറവാകാനാണ് സാധ്യത. പുതിയ വകഭേദങ്ങളെ പ്രതിരോധിക്കുന്നതിന് വാക്‌സിനുകളില്‍ മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ടോ എന്ന കാര്യം വരും മാസങ്ങളില്‍ രോഗബാധയുടെ സ്വഭാവം നോക്കിയേ നിശ്ചയിക്കാനാകുവെന്നും ഡോ. രണ്‍ദീപ് ഗുലേറിയ പറഞ്ഞു. കോവിഡിനെ നേരിടണമെങ്കിൽ 80 ശതമാനം പേരിലെങ്കിലും ആന്റിബോഡി രൂപപ്പെടണം. വ്യാപനശേഷി കൂടിയ പുതിയ വൈറസ് വകഭേദം വർധിച്ചാൽ ഇത് അസാധ്യമായിരിക്കും. കോവിഡിനെ പ്രതിരോധിക്കാൻ വ്യാപകമായ പരിശോധന, ക്വാറന്റീന്‍ തുടങ്ങിയ നടപടികള്‍ ഇന്ത്യയില്‍ തിരികെ കൊണ്ടുവരേണ്ടതാണ്. വാക്‌സിൻ എടുക്കേണ്ടത് അത്യാവശ്യമാണെന്നും എയിംസ് മേധാവി പറഞ്ഞു.