തിരുവനന്തപുരം: കേരളത്തിൽ തിരുവനന്തപുരത്തും കോഴിക്കോടും കൊവിഡ് വാക്‌സിൻ ക്ഷാമം. തലസ്ഥാനത്ത് അനർഹർക്ക് വാക്സീൻ നൽകിയെന്ന് പരാതി. വാക്‌സിന് ക്ഷാമം നേരിട്ടതോടെ സ്വകാര്യ ആശുപത്രിയിൽ നിയന്ത്രണം ഏർപ്പെടുത്തി. കോഴിക്കോട് 400 ഡോസ് നൽകിയിരുന്നതിന് പകരം 100 ഡോസാണ് ഇപ്പോൾ നല്‍കുന്നത്. ചൊവ്വാഴ്ച വാക്സീൻ എത്തുന്നതോടെ ക്ഷാമം പരിഹരിക്കാൻ കഴിയുമെന്ന് വാക്‌സിൻ ഓഫീസർ അറിയിച്ചു.
എറണാകുളം ജില്ലയിൽ നിലവിലുള്ള വാക്സീൻ കേന്ദ്രങ്ങളിൽ ആവശ്യമായ വാക്സീൻ ഡോസുകളുണ്ടെന്ന് ഡിഎംഒ അറിയിച്ചു. പത്തനംതിട്ടയിൽ 73 കേന്ദ്രങ്ങളിലാണ് വാക്‌സിൻ നല്‍കുന്നത്. കേന്ദ്രങ്ങളിൽ ആവശ്യമായ വാക്സിൻ ലഭ്യമാണ്. ഇതുവരെ കുറവുണ്ടായിട്ടില്ല എന്നാണ് വിവരം. തൃശ്ശൂരിൽ രണ്ട് ദിവസത്തേക്കുള്ള വാക്‌സിൻ ഉണ്ട്. അത് കഴിഞ്ഞാൽ ക്ഷാമമാകും. നിലവിൽ തെരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥർക്കാണ് വാക്‌സിൻ നൽകുന്നത്. പൊതുജനങ്ങൾക്ക് വാക്‌സിൻ നൽകുന്നത് പരിമിതപ്പെടുത്തിയിട്ടുണ്ട്.