മനാമ: പ്രവാസികൾ നാട്ടിൽ പോകുമ്പോൾ ഏർപ്പെടുത്തിയ കോവിഡ് നിയമങ്ങൾ കേന്ദ്രസർക്കാർ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് സോഷ്യൽ വെൽഫെയർ അസോസിയേഷന്റെ നേതൃത്വത്തിൽ കേന്ദ്ര വിദേശകാര്യ മന്ത്രിക്കും ആരോഗ്യ കുടുംബകാര്യ മന്ത്രിക്കും മാസ് പെറ്റീഷൻ അയക്കുന്നു. “കൈകോർക്കാം സാമൂഹിക നന്മക്കായി” എന്ന തലക്കെട്ടിൽ സോഷ്യൽ വെൽഫെയർ അസോസിയേഷൻ നടത്തുന്ന കാമ്പയിനിന്റെ ഭാഗമായാണ് മാസ് പെറ്റീഷൻ അയക്കുന്നത്. കോവിഡ് വ്യാപനത്തിൻ്റെ തുടക്കം മുതൽ സർക്കാരിൻ്റെ വിവേചനപരമായ പല നടപടികൾക്കും ഇരയായത് പ്രവാസികളാണ്. കോവിഡ് ബാധിച്ച് മരിച്ച പ്രവാസികളുടെ കുടുംബങ്ങൾക്ക് സാന്ത്വനമോ സാമ്പത്തികസഹായമോ സർക്കാരുകൾ നൽകിയിട്ടില്ല. രാജ്യത്തിൻ്റെ സാമൂഹിക, സാമ്പത്തിക പുരോഗതിയുടെ അടിത്തറയായി നിലകൊള്ളുന്ന പ്രവാസി സമൂഹത്തിന് നേരെയുള്ള ഈ അവഗണനക്കെതിരെ പ്രവാസി സമൂഹം ഒറ്റക്കെട്ടായി പ്രതികരിക്കണം.
പ്രത്യക്ഷത്തിൽ ഗുണകരമാണെന്ന് തോന്നുന്ന കേന്ദ്രസർക്കാർ പുറത്തിറക്കിയ പുതിയ നിയമപ്രകാരം യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂർ മുമ്പ് വിദേശരാജ്യങ്ങളിൽ നിന്ന് പി.സി.ആർ ടെസ്റ്റ് എടുക്കണം. ശേഷം ഇറങ്ങുന്ന എയർപോർട്ടിൽ വീണ്ടും കോവിഡ് ടെസ്റ്റ്. 72 മണിക്കൂറിന് മുമ്പ് ടിക്കറ്റ് എടുത്ത് ടെസ്റ്റ് കഴിഞ്ഞ് പോസിറ്റിവായാൽ ടിക്കറ്റ് കാശും നഷ്ടമാകും. ടെസ്റ്റ് കഴിഞ്ഞ് ടിക്കറ്റ് എടുത്താൽ അമിതമായ ചാർജാണ്. ഇത്തരം നിയമങ്ങൾ പ്രവാസികൾക്ക് അമിതചെലവ് സമ്മാനിക്കുന്നതാണ്. ഇനി ടെസ്റ്റ് നിർബന്ധമാണെങ്കിൽ യാത്ര പുറപ്പെടുന്നതിനു മുമ്പുള്ള ടെസ്റ്റ് ഒഴിവാക്കി നാട്ടിലെ എയർപോർട്ടുകളിൽ സൗജന്യമായി ചെയ്യാൻ സർക്കാറുകൾ തയ്യാറാകണം. നിലവിലെ അവസ്ഥയിൽ ഗൾഫിൽ ജോലി നഷ്ടമായി കഷ്ടപ്പെടുന്ന പ്രവാസികൾക്ക് താങ്ങും തണലുമായി സർക്കാറും രാഷ്ട്രീയസംവിധാനങ്ങളും മാറേണ്ടത് ഇപ്പോഴാണ് എന്നും സോഷ്യൽ വെൽഫെയർ അസോസിയേഷൻ അഭിപ്രായപ്പെട്ടു.