ലണ്ടൻ: ഭാരത് ബയോടെക്ക് വികസിപ്പിച്ച കോവിഡ് വാക്‌സിനായ കൊവാക്‌സിന്റെ രണ്ടാംഘട്ട ക്ലിനിക്കല്‍ പരീക്ഷണത്തിൽ വാക്‌സിൻ സുരക്ഷിതവും രോഗപ്രതിരോധശേഷിയുള്ളതും ഗൗരവതരമായ പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്തതുമാണെന്ന് തെളിഞ്ഞു. മൂന്നാംഘട്ട പരീക്ഷണങ്ങളുടെ കൂടി അടിസ്ഥാനത്തില്‍ മാത്രമേ ഫലപ്രാപ്തിയെ കുറിച്ച് പറയാനാകൂവെന്നും പഠനം പറയുന്നു.
രണ്ടാംഘട്ട പരീക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ ഫലപ്രാപ്തി നിശ്ചയിക്കാനാവില്ല. വാക്‌സിന്‍ സ്വീകരിച്ചതിനെ തുടര്‍ന്ന് പാര്‍ശ്വഫലങ്ങളുണ്ടായവരുടെ എണ്ണം ഒന്നാംഘട്ടത്തെ അപേക്ഷിച്ച് രണ്ടാംഘട്ടത്തില്‍ കുറവാണ്. 12-നും 65-നും ഇടയില്‍ പ്രായമുള്ള 380 പേരാണ് രണ്ടാംഘട്ട പരീക്ഷണത്തില്‍ പങ്കെടുത്തത്. കോവാക്‌സിന്‍ 81 ശതമാനം ഫലപ്രദമാണെന്ന് ഭാരത് ബയോടെക്കും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചും അറിയിച്ചിരുന്നു.