ന്യൂഡൽഹി: ഇന്ത്യയിൽ വെള്ളിയാഴ്ച മാത്രം 20 ലക്ഷം പേര്‍ കോവിഡ് വാക്‌സിനെടുത്തു. 16.40 ലക്ഷം പേര്‍ ആദ്യ ഡോസും 4.14 ലക്ഷം പേര്‍ രണ്ടാമത്തെ ഡോസും സ്വീകരിച്ചു. രാജ്യത്ത് ഏറ്റവും അധികം പേര്‍ വാക്‌സിനെടുത്ത ദിവസം കൂടിയാണ് വെള്ളിയാഴ്ച.
കോവിഡ് വാക്‌സിൻ യജ്ഞത്തിന്റെ 56-ാം ദിവസമായ ഇന്നലെ 30,561 സെഷനുകളിലൂടെ 20 ലക്ഷത്തിലധികം (20,53,537) വാക്‌സിന്‍ ഡോസുകളാണ് നല്‍കിയതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ജനുവരി 16 ന് ആരംഭിച്ച രാജ്യവ്യാപകമായ കോവിഡ് വാക്‌സിനേഷന്‍ യജ്ഞത്തില്‍ ഇന്ത്യ ഒരു സുപ്രധാന നാഴികക്കല്ലാണ് കുറിച്ചത്.
ഇന്ത്യയിൽ ഇതുവരെ 2.82 കോടി (2,82,18,457) വാക്‌സിന്‍ ഡോസുകളാണ് നൽകിയത്. അതിൽ 60 വയസ്സിനു മുകളില്‍ പ്രായമുള്ള 72.91ലക്ഷം പേരും 45 വയസ്സിനു മുകളില്‍ പ്രായമുള്ള 12.54ലക്ഷം പേരുമാണ് വാക്‌സിൻ സ്വീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3.3 ലക്ഷത്തിലധികം വാക്‌സിന്‍ ഡോസുകളാണ് ഉത്തര്‍പ്രദേശ് നൽകിയത്.