ന്യൂഡൽഹി: ഇന്ത്യയിൽ മൂന്നാം ഘട്ട കോവിഡ് വാക്‌സിനേഷൻ ഏപ്രിൽ ഒന്ന് മുതൽ ആരംഭിക്കും. 45 വയസ്സും അതിനു മുകളിലുളള എല്ലാവര്‍ക്കും ഏപ്രില്‍ ഒന്നു മുതല്‍ കോവിഡ് വാക്‌സിന്‍ നൽകുമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ അറിയിച്ചു. വാക്സീനേഷനിലെ നിർണ്ണായക ചുവടുവെപ്പായിരിക്കുമിതെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. 45 വയസിന് മുകളിലുള്ള എല്ലാവരും വാക്സീനെടുക്കണം. ആരോഗ്യ പ്രശ്നങ്ങൾ ഇല്ലാത്തവർക്കും വാക്സീൻ നൽകും. ആരോഗ്യ പ്രവർത്തകരും കോവിഡ് മുന്നണി പോരാളികളും ആദ്യ ഘട്ടത്തിൽ വാക്‌സിൻ സ്വീകരിച്ചു. നിലവിൽ 60 വയസ്സിനു മുകളിലുള്ളവർക്കും 45 വയസ്സിനു മുകളിലുള്ള, മറ്റു രോഗങ്ങളുള്ളവർക്കുമാണ് വാക്‌സിൻ നൽകുന്നത്. ഇന്ത്യയിൽ ഇതുവരെ 4.50 കോടി കോവിഡ് വാക്‌സിൻ ഡോസുകളാണ് വിതരണം ചെയ്തിട്ടുള്ളത്.
