ബഹ്‌റൈനിൽ ലഭ്യമായ വാക്സിനുകൾ എല്ലാം കാര്യക്ഷമം; കൊവിഡ്-19  പ്രതിരോധ കുത്തിവയ്പ്പ് എടുക്കാൻ ഇനിയും വൈകരുതെന്ന് ഇമ്യൂണൈസേഷൻ ഗ്രൂപ്പ് മേധാവി

മനാമ: കൊറോണ വൈറസ്സിനെതിരെ ബഹ്‌റൈനിൽ നൽകിയിട്ടുള്ള വാക്സിനുകൾ എല്ലാം തന്നെ കാര്യക്ഷമമാണെന്ന് ആരോഗ്യ മന്ത്രാലയത്തിലെ പബ്ലിക് ഹെൽത്ത് കൺസൾട്ടന്റും ഇമ്യൂണൈസേഷൻ ഗ്രൂപ്പ് മേധാവിയുമായ ഡോ. ബസ്മ അൽ സഫർ പറഞ്ഞു. ബഹ്‌റൈൻ ഇതുവരെ, സിനോഫാം, ഫൈസർ – ബയോ എൻ ടെക്ക്,  ഓക്സ്ഫോർഡ് – ആസ്ട്രസെനേക്ക (കൊവിഷീൽഡ്), സ്പുട്‌നിക് വി എന്നീ അഞ്ച് കൊവിഡ് വാക്‌സിനുകൾക്ക് അംഗീകാരം നൽകിയിട്ടുണ്ട്. 

കമ്മ്യൂണിറ്റി പ്രതിരോധശേഷി നേടുന്നതിന് വാക്സിനേഷൻ എടുക്കുന്നതിന്റെ പ്രാധാന്യം അവർ എടുത്തുപറഞ്ഞു. ഇത് അണുബാധ പകരുന്നതിന്റെ തോത് കുറയ്ക്കുന്നതിനും വൈറസ് ഇല്ലാതാക്കുന്നതിനും കാരണമാകുമെന്നും അവർ പറഞ്ഞു. 

പ്രതിരോധ കുത്തിവയ്പ്പുകളുടെ ഫലപ്രാപ്തി വളരെ കൂടുതലാണെന്നും, ഇത് വൈറസ് ബാധിക്കുമ്പോൾ രോഗലക്ഷണങ്ങൾ കുറയ്ക്കാൻ സഹായിക്കുന്നുവെന്നും അവർ പറഞ്ഞു. കുത്തിവയ്പ്പ് എടുത്തവരിൽ നിന്നും മറ്റുള്ളവരിലേക്ക് വൈറസ് പകരുന്നതിന്റെ തോത് കുറയുമെന്നും അവർ പറഞ്ഞു. 

ഒരു പ്രത്യേക കമ്പനിയിൽ നിന്ന് വാക്സിനേഷൻ ലഭ്യമാകുന്നതുവരെ കാത്തിരിക്കുന്നതിനുപകരം ലഭ്യമായ വാക്സിൻ തിരഞ്ഞെടുക്കണമെന്ന് അവർ ജനങ്ങളോട് അഭ്യർത്ഥിച്ചു. വാക്‌സിൻ സ്വീകരിക്കാനായി ആരോഗ്യ മന്ത്രാലയം വെബ്സൈറ്റ് വഴിയോ ബി അവെയർ ആപ്പ് വഴിയോ രെജിസ്റ്റർ ചെയ്യാവുന്നതാണ്.