മനാമ: ജനാധിപത്യത്തിലും മതേതരത്വത്തിലും ലോകത്തിനു മാതൃകയായ ഇന്ത്യയെ നശിപ്പിക്കുന്നവരില്‍ നിന്നും രാജ്യത്തെതിരിച്ചുപിടിച്ച്, ഇന്ത്യക്കാര്‍ക്ക് തിരിച്ചു ന്ല്‍കാന്‍ മുഴുവന്‍ ജനാധിപത്യ വിശ്വാസികളും രംഗത്തിറങ്ങണമെന്ന് കെ.എം.ഷാജി എം.എൽ.എ ബഹ്റൈനില്‍ ആവശ്യപ്പെട്ടു. ബഹ്റൈന്‍ കെ.എം.സി.സി കണ്ണൂര്‍ ജില്ലാ കമ്മറ്റി മനാമ അല്‍റജാഹ് ഇന്ത്യന്‍സ്കൂള്‍ ഓഡിറ്റോറയത്തില്‍ സംഘടിപ്പിച്ച ഇ.അഹമ്മദ് സാഹിബ് അനുസ്മരണ സമ്മേളത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ ജനാധിപത്യത്തിനും മതേതരത്വത്തിനും വേണ്ടി ശക്തമായി നിലകൊണ്ട വിശ്വപൗരനായിരുന്നു ഇ.അഹമ്മദ് സാഹിബെന്നും അദ്ധേഹത്തിന്‍റെ അനുസ്മരണ സമ്മേളനം രാജ്യനന്മക്കുതകുന്ന ഇത്തരം ചില തീരുമാനങ്ങള്‍ എടുക്കാനുള്ള വേദി കൂടിയാണെന്നും ഷാജി വ്യക്തമാക്കി. ഇത്തവണ ലോക്സഭാ തിരഞ്ഞെടുപ്പില്‍, മോദി വേണോ രാഹുല്‍ വേണോ, മതേതരത്വം വേണോ മത തീവ്രവാദം വേണോ എന്നിങ്ങിനെ രണ്ടു ചോദ്യങ്ങളാണ് നമുക്കു മുന്നിലുള്ളതെന്നും ഈ അവസരം പാഴാക്കിയാല്‍ പിന്നീട് ഒരിക്കലും അത് തിരിച്ചു ലഭിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ഈ പ്രത്യേക സാഹചര്യത്തില്‍ പ്രവാസികള്‍ക്കും ചിലത് ചെയ്യാനുണ്ട്. വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാനും വോട്ടെടുപ്പില്‍ പങ്കെടുക്കാനും അവര്‍ സ്വയം തയ്യാറാകുന്നതോടൊപ്പം വീട്ടുകാരെ അതിന് നിര്‍ബന്ധിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിലവില്‍ രാജ്യം ഭരിക്കുന്നവര്‍ നുണയന്മാരും വഞ്ചകരുമാണ്. ഏത് വിധേനെയും അധികാരം നിലനിര്‍ത്താനും രാജ്യത്തെ നശിപ്പിക്കാനും അവര്‍ ശ്രമിക്കും. ഇപ്പോള്‍ നടക്കുന്ന സംഭവങ്ങളെല്ലാം അതിന്‍റെ ഭാഗമാണ്. രാജ്യത്ത് വര്‍ഗീയതയും കുപ്രചരണവും നടത്തി, റിലയന്‍സ് തയിച്ചു കൊടുത്ത കോട്ടുമണിഞ്ഞ് ലോകം ചുറ്റുന്നവര്‍ക്ക് രാജ്യത്തെ പട്ടിണി പാവങ്ങളുടെ അവസ്ഥ അറിയില്ല.
യഥാര്‍ത്ഥത്തില്‍ രാജ്യം അവരുടേത് കൂടിയാണ്. അവരുടെ ഉന്നമനത്തിനാണ് പൂര്‍വ്വീകരായ ഇന്ത്യന്‍ പ്രധാനമന്ത്രിമാരെല്ലാം ശ്രമിച്ചത്. രാജ്യത്തെ പാവങ്ങള്‍ക്ക് ഉടുതുണിക്ക് മറുതുണിയില്ലാതെ രണ്ടാമത് ഒരു വസ്ത്രം ധരിക്കില്ലെന്ന് പ്രതിജ്‍ഞയെടുത്ത മഹാത്മാഗാന്ധിയെയും തെരുവോരങ്ങളില്‍ പാവങ്ങള്‍ക്ക് കഞ്ഞി വിളന്പി നല്‍കിയ ജവഹര്‍ലാല്‍ നെഹ് റുവും പടുത്തുയര്‍ത്തിയതാണ് ഇന്ത്യാമഹാരാജ്യം. അത് നിലവിലുള്ളവര്‍ക്ക് ബോധ്യപ്പെടുത്താനും കോര്‍പറേറ്റുകളില്‍ നിന്നും ഇന്ത്യയെ പാവങ്ങള്‍ക്ക് തിരികെ നല്‍കാനുമുള്ള അവസരമാണ് ഈ തിരഞ്ഞെടുപ്പ്. ഗുജറാത്ത് ഉള്‍പ്പെടെയുള്ള ഭാഗങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പു വിജയങ്ങളില്‍ കോണ്‍ഗ്രസിലും രാഹുലിലും ശുഭ പ്രതീക്ഷയാണ് നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
കേന്ദ്ര സര്‍ക്കാറിനോടൊപ്പം സംസ്ഥാന ഭരണത്തിനെതിരെയും കെ.എം.ഷാജി എം.എല്‍.എ തുറന്നടിച്ചു. കേന്ദ്രത്തിലെ ഫാഷിസ്റ്റ് ഭരണത്തിന്‍റെ മറ്റൊരു പകര്‍പ്പാണ് കേരളത്തിലുള്ളത്. പൊതു ജനങ്ങളെയും അവരുടെ പ്രയാസങ്ങളെയും മറന്ന് മോദി 300 കോടിയുടെ പ്രതിമ പണിയുന്പോള്‍ പിണറായി 50 കോടിയുടെ വനിതാമതില്‍ പണിത് നവോത്ഥാനം പ്രസംഗിച്ചു നടക്കുകയാണ്. നവോത്ഥാനത്തേക്കാള്‍ വലുത് മനുഷ്യന് അവന്‍റെ ജീവനാണെന്നും അതിന് സംരക്ഷണം നല്‍കുന്നതാണ് യഥാര്‍ത്ഥ സര്‍ഗാത്മഗതയെന്നും അതിന് പിണറായിയും പാര്‍ട്ടിയും തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഭരണ പരാചയങ്ങള്‍ മറച്ചുപിടിക്കാനും സംസ്ഥാനം വര്‍ഗീയ ശക്തികള്‍ക്ക് തീറെഴുതാനുമുള്ള ശ്രമങ്ങളാണ് ശബരിമല വിഷയത്തിലും മറ്റും നടന്നത്. പ്രത്യക്ഷമായി ഫാഷിസ്റ്റുകള്‍ക്കെതിരെ സംസാരിക്കുന്പോഴും വര്‍ഗീയ ശക്തികളുമായി സി.പി.എം കൈ കോര്‍കോര്‍ക്കുന്നുണ്ട്. ഇത് കേവല ആരോപണമല്ലെന്നും എസ്.ഡി.പി.ഐ, ആര്‍.എസ്.എസ് എന്നിവര്‍ വളര്‍ന്നുവരുന്നത് സി.പി.എം കേന്ദ്രങ്ങളിലാണെന്നും, അവിടെ നിന്നാണ് യുവാക്കള്‍ ഐ.എസിലേക്ക് ആഘര്‍ഷിച്ചതെന്നും വിവിധ സംഭവങ്ങള്‍ ചൂണ്ടിക്കാട്ടി അദ്ദേഹം വിശദീകരിച്ചു.
നമ്മുടെ നാടിന്‍റെ ഈ പോക്ക് അപകടമാണ്. ജനാധിപത്യ ഇടങ്ങളില്‍ വര്‍ഗീയത വളരില്ല, അതേ സമയം സി.പി.എം കേന്ദ്രങ്ങളിലെല്ലാം വര്‍ഗീയത വളരുന്നുമുണ്ട്. പാര്‍ട്ടി ഗ്രാമങ്ങളില്‍ അക്ഷരാഭ്യാസം പോയിട്ട് ഒരു എല്‍.പി സ്കൂള്‍ പോലും അനുവദിക്കാത്തവരാണ് മാര്‍കിസ്റ്റ് പാര്‍ട്ടിയെന്നും ദേശാഭിമാനി പോലും വായിക്കാന്‍ അറിയാത്തവരാണ് പാര്‍ട്ടിക്ക് വേണ്ടി വെട്ടാനും കൊല്ലാനും മരിക്കാനും തയ്യാറാവുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചെകുത്താന്‍ ഭരിക്കുന്ന നാട് ദൈവത്തിന്‍റെ നാടാകില്ലെന്നും നിലവില്‍ ചെകുത്താനാണ് നാട് ഭരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ക്രിത്യമായി പരിശോധിച്ചാല്‍ സി.പി.എം ഒരു പാര്‍ട്ടിയല്ല, ഗുണ്ടാ സംഘമാണെന്ന് മനസ്സിലാക്കാന്‍ കഴിയും. നിലവില്‍ ജയിലില്‍ കിടക്കുന്ന കൊലപ്പുള്ളികള്‍ പോലും നാട്ടില്‍ നടക്കുന്ന കൊലപാതകങ്ങളിലും അനാശ്വാസ പ്രവണതകളിലും പ്രതിയാണെന്നും ചില സംഭവങ്ങള്‍ ഉദ്ദരിച്ച് അദ്ധേഹം പറഞ്ഞു. ക്രിമിനല്‍ പ്രതികളായ കിര്‍മാണിയും ശാഫിയും ഉള്‍പ്പെട്ട ചില സംഭവങ്ങളെല്ലാം ഇക്കാര്യം വ്യക്തമാക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു. വൈകാരികമായി പ്രതികരിക്കുന്ന ജന വിഭാഗത്തെ, വിവേകത്തോടെ നയിക്കുന്നവരാണ് നേതാക്കളെന്നും ഇ.അഹമ്മദ് സാഹിബും മുസ്ലിംലീഗും അതിന് മാതൃകയാണെന്നും ഉദാഹരണങ്ങള്‍ നിരത്തി അദ്ദേഹം വിവരിച്ചു.
ചടങ്ങ് കെ.എം.സി.സി സംസ്ഥാന പ്രസിഡന്‍റ് എസ്.വി ജലീല്‍ സാഹിബ് ഉദ്ഘാടനം ചെയ്തു. കണ്ണൂര്‍ ജില്ല മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി കരീം ചേലേരി മുഖ്യാതിഥിയായിരുന്നു.
കെ.എം.സി.സി കണ്ണൂര്‍ ജില്ലാ കമ്മറ്റി പ്രസിഡന്‍റ് നൂറുദ്ധീന്‍ മുണ്ടേരി അദ്ധ്യക്ഷത വഹിച്ചു.
സമസ്ത ബഹ്റൈന്‍ പ്രസിഡന്‍റ് സയ്യിദ് ഫക്രുദ്ധീൻ കോയ തങ്ങൾ, കെ.എം.സി.സി ജന.സെക്രട്ടറി അസൈനാർ കളത്തിങ്ങല്‍, ട്രഷർ ഹബിബ് റഹ്മാൻ വേങ്ങൂര്‍, കുട്ടുസമുണ്ടേരി, ഖാദർ ഹാജി, ശംസുദ്ദീന്‍ വെള്ളിക്കുളങ്ങര ആശംസകളര്‍പ്പിച്ചു.
കണ്ണുർ ജില്ല ഭാരവാഹികളായ ശഹീർ കാട്ടാന്പള്ളി, നിസാർ ഉസ്മാർ, അശ്റഫ്ക കക്കണ്ടി, നുറുദ്ധിൻ മട്ടൂൽ, നൗഫൽ എടയന്നുർ, സൈനുദ്ധീൻ, ഇസ്മായിൽ പയ്യന്നുർ കാദർ ഹാജി, മുഹമ്മദ് പെരിങ്ങത്തുർ, റഊഫ്മാട്ടൂൽ, ലത്തീഫ് പുമഗംലം, അബ്ദുറഹ്മാൻ മാട്ടൂൽ, ശിഹാബ് മാട്ടുൽ, സിദ്ധീഖ്അദ് ലിയ, ഇർഷാദ്, സഹൽ പയ്യന്നൂർ എന്നിവര്‍ സംബന്ധിച്ചു. അസീസ്, ഫത്താഹ് സമദ് CP അസീസ്, ATC. ,സലാം ചോല, സവാദ്, ഹരിസ് മുണ്ടേരി, ഉബൈദ് സിദ്ധിക്ക് പയ്യന്നൂർ, മുത്തലിബ്, ബഷീർ, ജാബിർ, ജംഷീർ, നബിൽ എന്നിവർ നേതൃത്വം നൽകി. അഹമ്മദ് ചാവശ്ശേരി സ്വാഗതവും ശംസുദ്ധീന്‍ പാനൂര്‍ നന്ദിയും പറഞ്ഞു.