ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് വ്യാപനം വളരെ മോശം അവസ്ഥയിലേക്ക് നീങ്ങുകയാണെന്ന് ആരോഗ്യമന്ത്രലായം സംസ്ഥാന സർക്കാരുകൾക്ക് മുന്നറിയിപ്പുനൽകി. രോഗവ്യാപനം തടയാനും ജീവൻ സംരക്ഷിക്കാനും വേണ്ട മുൻകരുതൽ എല്ലാവരും കൈക്കൊള്ളണം. ആശുപത്രികളും ഐ.സി.യുകളും സജ്ജമാക്കണം. ഒരു സംസ്ഥാനവും അലംഭാവം കാണിക്കരുത്. രാജ്യത്തെല്ലായിടത്തും സ്ഥിതി മോശമാവാനുള്ള സാധ്യത തള്ളരുതെന്ന് ആരോഗ്യകാര്യങ്ങളുടെ ചുമതല വഹിക്കുന്ന നീതി ആയോഗ് അംഗം വി.കെ. പോൾ പറഞ്ഞു.
ആർ.ടി.-പി.സി.ആർ. പരിശോധനയുടെ എണ്ണം കൂട്ടണം. പുതിയ ക്ലസ്റ്ററുകൾ രൂപപ്പെടുന്നിടത്ത് പ്രത്യേകിച്ച് കൂടുതൽ പരിശോധന നടത്തണം. പോസിറ്റീവ് ആകുന്നവരെ നേരത്തേ ചെയ്തതുപോലെ വീടുകളിൽ നിരീക്ഷിക്കുന്നതിനുപകരം സർക്കാർ സംവിധാനത്തിലേക്ക് മാറ്റണം. പോസിറ്റീവ് ആകുന്നവർ വീടുകളിൽതന്നെ കഴിയുന്നുണ്ടോ പുറത്തുപോകുന്നുണ്ടോയെന്ന് ഉറപ്പാക്കണം. രോഗവ്യാപനം കൂടുതലുള്ള 47 ജില്ലകളിലെ അധികൃതരുമായി ബന്ധപ്പെട്ട് കേന്ദ്രം നിർദേശങ്ങൾ നൽകിയിട്ടുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 56,211 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതിന്റെ 78.56 ശതമാനവും മഹാരാഷ്ട്ര, പഞ്ചാബ്, കർണാടക, മധ്യപ്രദേശ്, തമിഴ്‌നാട്, ഗുജറാത്ത് എന്നിവിടങ്ങളിലാണ്. 5,40,720 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. രോഗമുക്തി നിരക്ക് 94.19 ശതമാനമാണ്.